പാരിസ്: അവസാനം മഡഗാസ്കറിന് ആ അമൂല്യ നിധി തിരികെ കിട്ടി. 128 വര്‍ഷം മുമ്പ് വെട്ടിമാറ്റപ്പെട്ടൊരു തലയില്‍ നിന്നു ശേഖരിച്ച് സൂക്ഷിച്ചിരുന്ന തലയോട്ടി. ഈ തലയോട്ടിയുടെ ഉടമ മഡഗാസ്കറിന് അത്രമേല്‍ വേണ്ടപ്പെട്ടയാളായിരുന്നു. ഒന്നേകാല്‍ നൂറ്റാണ്ട മുമ്പ് മഡഗാസ്കര്‍ ഭരിച്ചിരുന്ന ടോറ രാജാവ്. ഫ്രാന്‍സിന്റെ അധിനിവേശ കാലത്ത് രാജാവിന്റെ തല വെട്ടിയാണ് ഫ്രഞ്ച് സൈന്യം അധികാരം പിടിക്കുന്നത്. അതിനു ശേഷം രാജാവിന്റേതുള്പ്പെടെ മൂന്നു തലയോട്ടികള്‍ ഫ്രാന്‍സിലേക്ക് എത്തിച്ചിരുന്നു. പിന്നീടത് ഫ്രാന്‍സിലെ സാംസ്കാരിക മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുവായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അതാണിപ്പോള്‍ തിരികെ നല്‍കിയത്.
1897ല്‍ മഡഗാസ്കറില്‍ തദ്ദേശീയരെ കൂട്ടക്കൊല ചെയ്യുന്നതിനിടെയായിരുന്നു രാജാവിനെയും ശിരച്ഛേദം ചെയ്യുന്നതും അധികാരം പിടിക്കുന്നതും. പാരിസിലെ ദേശീയ ചരിത്ര മ്യൂസിയത്തില്‍ മറ്റനേകം സ്മാരകങ്ങള്ക്കൊപ്പമായിരുന്നു ടോറ രാജാവിന്റേതുള്പ്പെടെ മഡഗാസ്കറില്‍ നിന്നു കൊണ്ടുവന്ന മൂന്നു തലയോട്ടികളും സൂക്ഷിച്ചിരുന്നത്. ഫ്രഞ്ച് സാംസ്കാരിക മന്ത്രി റാഷിദ ദാത്തിയാണ് സ്മാരകങ്ങള്‍ കൈമാറിയത്. മഡഗാസ്കര്‍ പ്രതിനിധിയായ വൊളമിറാന്റി ഡോണ മാര ഇവ ഏറ്റുവാങ്ങി. 128 വര്‍ഷമായി തങ്ങളുടെ ദ്വീപിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു മ്യൂസിയത്തിലിരിക്കുന്ന തലയോട്ടികളെന്ന് അദ്ദേഹം അവ ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു.
ഈ തലയോട്ടികള്‍ മൂന്നും സകലവ എന്ന ഗോത്രവര്‍ഗത്തില്‍ പെട്ടവരുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. രാജാവും ഇതേ ഗോത്രത്തില്‍ തന്നെയായിരുന്നു ഉള്‍പ്പെട്ടിരുന്നത്. അതിനാല്‍ ഇവയിലൊന്ന് രാജാവിന്റെയാണെന്ന് അനുമാനിക്കാന്‍ മാത്രമേ സാധിക്കൂ.
മഡഗാസ്കറിനു ഫ്രാന്‍സിന്റെ സമ്മാനം മൂന്നു തലയോട്ടികള്‍, അവയ്ക്കിത്ര വിലയോ
