ബെയ്ജിങ്: ഇത്തിരി ശ്വാസമാണ് മനുഷ്യനെന്നു പറയുന്നവര്‍ ശ്വാസത്തെ സ്വീകരിക്കാന്‍ മനുഷ്യന്റെ ശ്വാസകോശം ശരീരത്തിനകത്തുണ്ടായിരിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ശ്വാസത്തെ സ്വീകരിക്കാന്‍ കടംകൊണ്ട ശ്വാസകോശമാണെങ്കിലോ, കടം കൊള്ളുന്നത് മറ്റൊരു മനുഷ്യനില്‍ നിന്നല്ലാതെ ഒരു മൃഗത്തില്‍ നിന്നാണെങ്കിലോ. ഇതാ ശാസ്ത്രം ഇപ്പോള്‍ തെളിയിക്കുന്നത് മനുഷ്യനു ശ്വാസകോശം നല്‍കാന്‍ ഒരു മൃഗത്തിനു കഴിയുമെന്നാണ്. മൃഗം ഏതാണല്ലേ, പന്നി.
മനുഷ്യന്റെ ശാരീരിക പ്രവര്‍ത്തനത്തോട് ഏറ്റവും ചേര്‍ന്നു പോകുന്ന മൃഗം പന്നിയാണന്നു പണ്ടേ കണ്ടെത്തിയിരിക്കുന്നതാണ്. പന്നിയുടെ ശ്വാസകോശം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു സാധിച്ചിരിക്കുന്നു. ശ്വാസകോശം സ്വീകരിച്ചത് മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യനാണ്. ഒമ്പതു ദിവസം ആ മനുഷ്യന്റെ ശരീരത്തില്‍ ശ്വാസകോശം പ്രവര്‍ത്തിച്ചുവത്രേ. മസ്തിഷ്‌ക മരണം സംഭവിച്ച മുപ്പത്തൊമ്പതുകാരന്റെ ഇടതു ശ്വാസകോശമാണ് മാറ്റിവച്ചത്. നേച്ചര്‍ മെഡിസിന്‍ ജേണലാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
സ്വന്തം ശ്വാസകോശം പണിതരുന്നുവോ, ഭാവിയില്‍ ഒരു മൃഗമായിരിക്കും രക്ഷയ്‌ക്കെത്തുക
