ഷാഫി പറമ്പിലിനെ നടുറോഡില്‍ തടഞ്ഞു, ഷാഫി പുറത്തിറങ്ങി വെല്ലുവിളിച്ചു, നാടകീയ രംഗങ്ങള്‍

വടകര: ഷാഫി പറമ്പില്‍ എംപിയെ വഴിയില്‍ തടഞ്ഞ് ഡിവൈഎഫ്‌ഐ. നടുറോഡില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പോലീസിനെ തള്ളിമാറ്റി പുറത്തിറങ്ങി ഷാഫി. വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഏറെ നാടകീയ രംഗങ്ങള്‍ക്കാണിടയാക്കിയത്. വടകര അങ്ങാടിയില്‍ നിന്ന് പേടിച്ച് ഓടിപ്പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഷാഫി പ്രതിഷേധക്കാരോടു വിളിച്ചു പറഞ്ഞുകൊണ്ടാണ് കാറില്‍ നിന്നു പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ഷാഫിയെ അസഭ്യപ്രയോഗത്തോടെയാണ് ഡിവൈഎഫ്‌ഐ നേരിട്ടത്. നായെന്നോ പട്ടിയെന്നോ വിളിച്ചാല്‍ അതു കേട്ടിട്ടു പോകുമെന്നു കരുതേണ്ടെന്നു ഷാഫി മുന്നറിയിപ്പു നല്‍കി. ആദ്യം പിണറായി വിജയന്റെ ഓഫീസില്‍ പോയി വേണ്ം പ്രതിഷേധിക്കാന്‍. പി ശശി അവിടെയിരുപ്പുണ്ടെന്ന് ഷാഫിക്കൊപ്പമുണ്ടായിരുന്നവര്‍ പ്രതിഷേധക്കാരോടും വിളിച്ചു പറയുന്നുണ്ടായിരുന്നു.
എംപിയുടെ വാഹനത്തിനു മുന്നില്‍ നിന്നു പ്രതിഷേധക്കാരെ മാറ്റുന്നതിനു പോലീസിന് ഏറെ ക്ലേശിക്കേണ്ടി വന്നു. എന്നാലും ഒരു തവണയൊന്നു ലാത്തിയൊന്ന് ഉയര്‍ത്തുക പോലും ചെയ്യാതെ പോലീസ് അച്ചടക്കം പാലിച്ചു. ആദ്യം പുറത്തിറങ്ങി പ്രതിഷേധിച്ച ശേഷം ഷാഫി തിരികെ കാറില്‍ കയറിയതാണ്. അപ്പോഴാണ് അസഭ്യം വിളി കേള്‍ക്കുന്നത്. അതോടെ വീണ്ടും പുറത്തിറങ്ങുകയായിരുന്നു.
വടകര ടൗണ്‍ ഹാളില്‍ കെ കെ രമ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷ് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു മടങ്ങുമ്പോഴായിരുന്നു എംപിക്കു നേരേയുള്ള പ്രതിഷേധം.