ഫോര്‍ട്ട് സ്‌റ്റേഷന്‍ ഉരുട്ടിക്കൊല, മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു

കൊച്ചി: മോഷണം ആരോപിച്ച് 2005ല്‍ തിരുവനന്തപുരം ഫോര്‍ട്ട പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ഉദയകുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതി ശിക്ഷിച്ച മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. ഇതില്‍ ഭേദം തന്നെക്കൂടി കൊന്നുകളയുന്നതായിരുന്നെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി പ്രതികരിച്ചു.
ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല എന്ന പേരില്‍ സംസ്ഥാനത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പ്രതികളായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയവര്‍ എസ്പി, ഡിവൈഎസ്പി, എഎസ്‌ഐ, സിപിഓ റാങ്കിലുള്ളവരായിരുന്നു. ഇതില്‍ ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാര്‍, സിപിഒ എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കു വധശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരുന്നത്. രണ്ടാം പ്രതി ഇതിനിടെ മരിച്ചുപോയി. സിബിഐ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഈ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്.
2005 സെപ്റ്റംബര്‍ 29നാണ് കേസിന് ആസ്പദമായ കസ്റ്റഡി മരണം സംഭവിക്കുന്നത്. മോഷണം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും അതിനു രണ്ടു ദിവസം മുമ്പാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു കസ്റ്റഡിയിലെടുക്കുന്നത്. അപ്പോള്‍ 4020 രൂപ ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണ് എന്നായിരുന്നു പോലീസിന്റെ വാദം. ഇതു തെളിയിക്കാനായി ക്രൂരമായ മര്‍ദനത്തിന് ഉദയകുമാറിനെ വിധേയനാക്കിയെന്ന് സിബിഐ കുറ്റപത്രം പറയുന്നു. ഇയാളെ സ്റ്റേഷനില്‍ ഒരു ബഞ്ചില്‍ കിടത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകളില്‍ ഉരുട്ടി. ഇതില്‍ തുടയിലെ രക്തക്കുഴലുകള്‍ പൊട്ടി മരണം സംഭവിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഷണക്കേസില്‍ രാത്രി എട്ടിനാണ് പിടികൂടിയതെന്നു വരുത്താന്‍ പിന്നീട് ഉദയകുമാറിന്റെ പേരില്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മറിച്ചുള്ള തെളിവുകളൊന്നും ശേഷിക്കാതിരിക്കാനായി സ്റ്റേഷന്‍ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ കേസിലാണിപ്പോള്‍ പ്രതികളെയെല്ലാം ഹൈക്കോടതി വെറുതേ വിട്ടിരിക്കുന്നത്.