പരിക്ക് ചതിച്ചു, ഫൈനല്‍ പാതിവഴിയില്‍ നിര്‍ത്തി റണ്ണര്‍ അപ്പായി ഇന്ത്യക്കാരി

സിഡ്‌നി: കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചരിത്രം വഴിമാറുമായിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ സ്വപ്‌നഭൂമിയായ ഓസ്‌ട്രേലിയയില്‍ നിന്ന് സ്‌ക്വാഷ് എന്ന കായിക ഇനത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കിരീടവുമായി ഒരു ഇന്ത്യക്കാരി തിരികെ വിമാനം കയറുമായിരുന്നു. അനിഹത് സിങ് എന്ന പതിനേഴുകാരി ഫൈനലില്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് റണ്ണര്‍ അപ് കിരീടം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതാണ് ആദ്യ റൗണ്ട് വിജയിച്ച അനിഹതിനു വിനയായത്. ഈജിപ്തിന്റെ ഹബീബ ഹാനിയോടാണ് തോല്‍വി സമ്മതിക്കേണ്ടതായി വന്നത്. പിഎസ്എ വേള്‍ഡ് ടൂര്‍ കോപ്പര്‍ ലെവല്‍ ഫൈനലിലായിരുന്നു അനിഹതിന്റെ മിന്നുന്ന പ്രകടനം.
സെമി ഫൈനലില്‍ അനിഹത് തോല്‍പ്പിച്ചതും മറ്റൊരു ഈജിപ്തുകാരിയായ നൗര്‍ ഖഫാഗിയെ ആയിരുന്നു (10-12, 11-5, 11-5, 10-12, 11-7). ഫൈനല്‍ റൗണ്ട് വരെ തോല്‍വിയറിയാത്ത പ്രകടനത്തിലൂടെ ഉറച്ച കിരീടപ്രതീക്ഷയായിരുന്നു ഈ പെണ്‍കുട്ടി കാഴ്ചവച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച ഫോം നിലനിര്‍ത്തുകയാണ് അനിഹത്. ഏതാനും മാസം മുമ്പ് ഈജിപ്തില്‍ നടന്ന വേള്‍ഡ് ജൂനിയര്‍ സ്‌ക്വാഷ് ടൂര്‍ണമെന്റിള്‍ വെങ്കലം നേടാനും ഇവര്‍ക്കായിരുന്നു. എന്തായാലും അടുത്ത ഒളിമ്പിക്‌സ് മുതല്‍ സ്‌ക്വാഷ് ഒരു മത്സര ഇനമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഒരു ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് അനിഹത്.