മൂന്നു വര്‍ഷമൊന്നു കഴിഞ്ഞോട്ടെ, ഈ വിമാനത്താവളം പിന്നെയിങ്ങനെ ആവില്ല

തിരുവനന്തപുരം: നെടുമ്പാശേരി വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടുമ്പോള്‍ ഒപ്പമെത്താന്‍ കഴിയാതെ തിരുവനന്തപുരം വിമാനത്താവളം കിതയ്ക്കുകയാണെന്നു പറയുന്നവര്‍ അറിയുക, തിരുവനന്തപുരം അതിവേഗം മാറാന്‍ ഒരുങ്ങുകയാണ്. ഇനിയൊരു മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഈ വിമാനത്താവളം ഇങ്ങനെയാവില്ല. പ്രോജക്ട് അനന്ത എന്നു പേരിട്ടിരിക്കുന്ന വിമാനത്താവള വികസന പദ്ധതിക്ക് ഇന്നു തുടക്കമാകുകയാണ്. നിര്‍മിതികള്‍ക്ക് പാരിസ്ഥിതിക അനുമതി സമ്പാദിക്കുന്നതാണ് ഒന്നാമത്തെ പടി. അതിനായി പൊതുജനങ്ങളില്‍ നിന്നുള്ള ഹിയറിങ് ഇന്നു തിരുവനന്തപുരത്തു നടക്കുകയാണ്.
അതിശയകരമായ മാറ്റങ്ങളാണ് തിരുവനന്തപുരത്തിനായി അദാനിയുടെ ആലോചനാമുറികളില്‍ തയാറായിരിക്കുന്നത്. മൊത്തം 1300 കോടി രൂപ മുടക്കിയാണ് മൂന്നു വര്‍ഷം കൊണ്ടു മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അതില്‍ ഒന്നാം ഘട്ടത്തിന്റെ പണികള്‍ കരാറുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സിവിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐടിഡിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഊരാളുങ്കലിന് ഉപകരാറും കിട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലിലെ ഏപ്രണ്‍ നിര്‍മാണം, ഓടകളുടെയും മറ്റും നവീകരണം, ആഭ്യന്തര ടെര്‍മിനലില്‍ കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകളുടെ നിര്‍മാണം, നോളഡ്ജ് സെന്റര്‍ നിര്‍മാണം എന്നിവയ്ക്കാണ് ഇപ്പോള്‍ കരാറായിരിക്കുന്നത്. 2070 വരെയുള്ള യാത്രാവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഇപ്പോഴത്തെ നിര്‍മാണം.
നിലവില്‍ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ പതിനെട്ടു ലക്ഷം ചതുരശ്രയടിയാകുമെന്നു പറയമ്പോഴേ വരാന്‍ പോകുന്ന വികസനത്തിന്റെ തോത് പിടികിട്ടുമല്ലോ. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ യാത്രക്കാര്‍ക്കായി വെവ്വേറെ നിലകളായിരിക്കും നിര്‍മിക്കുക. അതോടെ യാത്രക്കാരുടെ സഞ്ചാരം ഏറെ സുഗമമാകും. ഓരോ നിലയിലും പ്രത്യേക കൗണ്ടറുകളും കസ്റ്റംസ് ഇമിഗ്രേഷന്‍ സൗകര്യവുമുണ്ടായിരിക്കും. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ്ങിനും അവസരം ലഭിക്കും. ഇതിനായി പ്രത്യേക ഫുഡ് പ്ലാസ, ഹോട്ടല്‍ സമുച്ചയങ്ങള്‍, കൊമേഴ്‌സ്യല്‍ ബ്ലോക്ക് എന്നിവയൊക്കെ സ്ഥാപിക്കും.