കണ്ണൂര്‍ ജയിലിലേക്കു വരൂ, അഞ്ചു മിനിറ്റ് പണിയെടുക്കൂ, ആയിരം രൂപ കൂലി വാങ്ങാം

കണ്ണൂര്‍: ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ പറമ്പില്‍ കിളയ്ക്കാന്‍ പോയാല്‍ കേരളത്തില്‍ കിട്ടുന്ന ദിവസക്കൂലി ആയിരം രൂപയാണെങ്കില്‍ കണ്ണൂരില്‍ അഞ്ചുമിനിറ്റ് ജയില്‍ ഡ്യൂട്ടി ചെയ്താല്‍ അത്രയും പണം തരാന്‍ ആള്‍ക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍. പണിക്ക് ഇത്തിരി റിസ്‌ക്ക് ഫാക്ടറുണ്ടെന്നു മാത്രം. അതും ഗോവിന്ദച്ചാമി ജയില്‍ ചാടിക്കഴിഞ്ഞ ശേഷം. അതുവരെ സിസിടിവി ക്യാമറകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ക്യാമറകളൊക്കെ കേടുതീര്‍ത്ത് വച്ചിരിക്കുന്നു. ജയിലിനകത്തു നിന്ന് സിഗ്നല്‍ കിട്ടിക്കഴിഞ്ഞാല്‍ മൊബൈല്‍ ഫോണും പുകയില ഉല്‍പ്പന്നങ്ങളും അകത്തേക്ക് പൊതിക്കെട്ടാക്കി എറിഞ്ഞു കൊടുക്കുന്നതാണ് പണി. ഈ പണിക്കിടെ കഴിഞ്ഞ ദിവസം പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് ജയില്‍ അധികൃതരോട് കൂലി നിരക്ക് വെളിപ്പെടുത്തിയത്.
ഇവിടെ ജയിലിന് രണ്ടു നിര ചുറ്റുമതിലാണുള്ളത്. ആദ്യത്തെ ചുറ്റുമതില്‍ ചാടി അകത്തു കടന്ന ശേഷം വേണം ഏറ് എന്ന ഓപ്പറേഷന്‍ നടത്താന്‍. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സിസിടിവി നിരീക്ഷണം നടത്തുമ്പോഴാണ് ഒന്നാം ചുറ്റുമതിലിനും രണ്ടാം ചുറ്റുമതിലിനുമിടയില്‍ ആളനക്കം ശ്രദ്ധിച്ചത്. പുറംഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് രൊക്കമേ വിവരം കൈമാറി. അവര്‍ എത്തുമ്പോള്‍ മൂവര്‍ സംഘം ഏറിലായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ നിത്യത്തൊഴില്‍ എന്നതു പോലെ രണ്ടുപേര്‍ തിരികെ മതില്‍ ചാടി ഓടി. നിലത്തു വീണതിനാല്‍ മൂന്നാമന്‍ കുടങ്ങി. അങ്ങനെ കുടുങ്ങിയ അക്ഷയ് ആണ് ഈ പണിയുടെ പിന്നാമ്പുറ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.