ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച അമ്പതു ശതമാനം തീരുവ നാളെ നിലവില്‍ വരാനിരിക്കേ അടിയന്തര രക്ഷാ നടപടികളുമായി ഇന്ത്യ. ട്രംപിന്റെ വഴുവഴുപ്പന്‍ സ്വഭാവമായതിനാല്‍ ഏതു നിമിഷവും തീരുമാനം മാറ്റിയേക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തീയതി പടിവാതില്‍ക്കലെത്തിയതോടെ പരിഹാര മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ഇന്ത്യ. കയറ്റുമതിക്കാര്‍ക്ക് എങ്ങനെ രക്ഷയൊരുക്കാമെന്ന കാര്യത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അടിയന്തര യോഗം ചേരുകയാണ്. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 25 ശതമാനം തീരുവ തന്നെ കയറ്റുമതിക്കാരുടെ നടുവൊടിക്കുന്നതിനു തുല്യമാണെന്നാണ് കയറ്റുമതി പ്രൊമോഷന് കൗണ്‍സിലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അത് അമ്പതു ശതമാനമായി വര്‍ധിക്കുന്നതോടെ കാര്യങ്ങള്‍ മുഴുവന്‍ കൈവിട്ടു പോകുമെന്ന് അവര്‍ ഭയപ്പെടുന്നു. വിശേഷാല്‍ ഈടൊന്നുമില്ലാതെ പ്രവര്‍ത്തന മൂലധനം കേന്ദ്ര ഗവണ്മെന്റ് അനുവദിക്കണമെന്ന ആവശ്യമാണ് കയറ്റുമതിക്കാരുടെ സംഘടന ആവശ്യപ്പെട്ടു പോരുന്നത്.
ട്രംപന് തീരുവ നാളെ മുതല്‍. ഇന്ത്യ എന്തു ചെയ്യും, കൊണ്ടുപിടിച്ച ആലോചന
