തിരുവനന്തപുരം: കേരള ടൂറിസം പൊളിയാണല്ലോ. അല്ലെങ്കില്‍ പിന്നെ ഇങ്ങനെയോരോന്ന് ചിന്തിച്ചെടുക്കാന്‍ പറ്റുന്നതെങ്ങനെ. ചിങ്ങം പിറന്നതേയുള്ളൂ. ഓണത്തിലേക്ക് ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കേരള ടൂറിസം പ്രചാരണത്തിനായി കളത്തിലിറക്കിയിരിക്കുന്നത് മൊണാലിസയെയാണ്. കുംഭമേളയില്‍ മാല വില്‍ക്കാന്‍ വന്ന് സെലിബ്രിറ്റിയായ മൊണാലിസയല്ല, സാക്ഷാല്‍ ലിയോനാര്‍ഡോ ഡാവിഞ്ചിവരച്ച മൊണാലിസയെ തന്നെ. ടൂറിസത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മൊണാലിസ ധരിച്ചിരിക്കുന്നത് കസവു സാരിയാണെന്നു മാത്രം. തലയില്‍ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. കേരളത്തനിമയോടെ മൊണാലിസയെ അവതരിപ്പിച്ച് ടൂറിസം പ്രൊമോഷനാണ് ലക്ഷ്യം വയ്ക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൊണാലിസയെ മലയാളി ലിസയാക്കിയിരിക്കുന്നത്.
കേരള ടൂറിസത്തിന്റെ സൈറ്റില്‍ കയറി മേക്കോവര്‍ കഴിഞ്ഞ മൊണാലിസയെ കണ്ട് അഭിപ്രായം പറയുന്നത് ആയിരങ്ങളാണ്. അതായത് കേരള ടൂറിസം ഉദ്ദേശിച്ച ലക്ഷ്യം സാധിച്ചു കഴിഞ്ഞുവെന്ന്. ഐക്യത്തിന്റെ നാടായ കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. പുത്തന്‍ ആശയങ്ങള്‍ ക്രിയേറ്റിവായി അവതരിപ്പിക്കുന്നത് കേരള ടൂറിസത്തിന്റെ പ്രത്യേകതയാണ്. അടുത്തയിടെ ഇംഗ്ലണ്ടിന്റെ എഫ് 35 വിമാനം കേടായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ബെര്‍ത്ത് ചെയ്തിരുന്നപ്പോള്‍ അതും ടൂറിസം പരസ്യത്തിനു മാറ്ററാക്കി മാറ്റിയതാണ്. ആ ചിത്രവും രണ്ടു മാസം മുമ്പ് ഇതേ പോലെ വൈറലായതാണ്.
മലയാളിപ്പെണ്ണിനും മൊണാലിസയ്ക്കും ഉടുക്കാന്‍ കസവു പുടവ, എന്തൊരു ഭാവന, അല്ലേ
