വിദേശത്ത് വസ്തു വാങ്ങാന്‍ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കുഴപ്പമായേക്കാം

അബുദാബി: അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ (ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് ഐസിസി) ഉപയോഗിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ഗവണ്‍മെന്റ്. ചില രാജ്യങ്ങളിലെ നിയമലംഘനവും അപകട സാധ്യതകളും ചൂണ്ടിക്കാട്ടിയാണ് ഡൗണ്‍ പേമെന്റ് നടത്താന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരേ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഷോപ്പിങ്, യാത്ര തുടങ്ങിയ ഇടപാടുകള്‍ക്കു മാത്രമായി അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നാണ് ഉപദേശം. മറ്റേതെങ്കിലും തരത്തിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതായിരിക്കും നല്ലതെന്നാണ് ഉപദേശത്തിലുള്ളത്. ഇന്ത്യന്‍ നിയമത്തിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം വിദേശത്ത് നടത്തുന്ന സ്വത്ത് വാങ്ങലുകള്‍ മൂലധന അക്കൗണ്ട് ഇടപാടുകളായി മാത്രമേ പരിഗണിക്കൂ. വിദേശ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനെ മറികടക്കുന്നു. ഇന്ത്യക്കാരായ വ്യക്തകള്‍ക്ക് വിദേശ സ്വത്തില്‍ നിക്ഷേപിക്കാന്‍ നിയമത്തില്‍ അനുവദനീയമായ ഏക മാര്‍ഗമാണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം. അതിനെയാണ് ഇത്തരം ഉപയോഗം മറികടക്കുന്നത്.
ഈ സ്‌കീം വഴി ഇന്ത്യന്‍ നിവാസികള്‍ക്ക് അംഗീകൃത ബാങ്കുകള്‍ വഴി ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം ഡോളര്‍ വരെ അയയ്ക്കാന്‍ അനുവാദമുണ്ട്. മൂലധന ഒഴുക്ക് എന്ന നിലയില്‍ റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായുള്ള ഐസിസി ഉപയോഗം ലിബരലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. ഇക്കാര്യത്തിലുണ്ടാകുന്ന ഏതു ലംഘനവും ഫെമ നിയമ ലംഘനമായി മാത്രമേ കണക്കാക്കൂ. അത്തരം സാഹചര്യത്തില്‍ അന്വേഷണത്തെ നേരിടേണ്ടതായി വന്നേക്കാം. ലംഘനം ബോധ്യപ്പെട്ടാല്‍ പിഴയൊടുക്കേണ്ട സാഹചര്യവും വരാം. അതിനാല്‍ വിദേശത്ത് വസ്തു വാങ്ങുന്നതിന് ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മാത്രം ഉപയോഗിക്കുന്നതിനാണ് പ്രവാസികളോട് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശി്കകുന്നത്.