കിഴക്കന്‍ ലണ്ടനില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റിനു തീവച്ചു, അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ ആശങ്കയിലാഴ്ത്തി ഇന്ത്യന്‍ റസ്റ്റോറന്റിനു നേരെ ആക്രമണം. നഗരത്തിന്റെ കിഴക്കന്‍ ഭാഗമായ ഇല്‍ഫോഡില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ ഭക്ഷണങ്ങളുടെ റസ്റ്റോറന്റായ ഇന്ത്യന്‍ അരോമയില്‍ അതിക്രമിച്ചു കയറിയവര്‍ തറയില്‍ തീപടരുന്ന എന്തോ ദ്രാവകം ഒഴിച്ചതിനു ശേഷം തീയിടുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും നില അതീവ ഗുരുതരമാണ്. മറ്റു മൂന്നുപേരുടെയും നില ഗുരുതരമായി തുടരുന്നു. ഇവര്‍ അഞ്ചുപേരും ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നവരാണെന്നു കരുതപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയം റസ്റ്റോറന്റിനകത്തുണ്ടായിരുന്ന ഒമ്പതുപേര്‍ ഓടിപ്പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടു.
ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പോലിസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ഒരാള്‍ പതിനഞ്ചു വയസുള്ള ബാലനും രണ്ടാമത്തെയാള്‍ അമ്പതിനു മേല്‍ പ്രായമുള്ള പുരുഷനുമാണ്. ഇവര്‍ക്കു പുറമെ മറ്റു രണ്ടു പേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അഗ്നി രക്ഷാസേന ഒന്നരമണിക്കൂര്‍ അധ്വാനിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റസ്റ്റോറന്റിന്റെ ഒന്നാം നില മുഴുവന്‍ കത്തി നശിച്ചു.