പന്തുകള്‍കൊണ്ട് അമ്മാനമാടി ഓസ്‌ട്രേലിയ, മൂന്നാം ഏകദിനം അടിച്ചുപൊളിച്ച് സ്വന്തമാക്കി

കേണ്‍സ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം വണ്‍ ഡേ ഇന്റര്‍നാഷണല്‍ സര്‍വ റെക്കോഡുകളും അടിച്ചു പറപ്പിച്ച് ഓസ്‌ട്രേലിയ 276 റണ്‍സിനു കൈപ്പിടിയിലൊതുക്കി. ഇതിനകം രണ്ടു വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നതിനാല്‍ ഇന്നലത്തെ വിജയം കാര്യമായ പ്രയോജനം ഓസ്‌ട്രേലിയയ്ക്കു നല്‍കില്ലെങ്കില്‍ കൂടി ഓസീസിന്റെ പോരാട്ട വീര്യം മുഴുവന്‍ പ്രകമാക്കുന്നതായിരുന്നു. മൂന്നു സെഞ്ചുറിയുടെ അകമ്പടിയോടെയാണ് ഓസ്‌ട്രേലിയയുടെ വിജയം. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഏകപക്ഷീയമായ തേരോട്ടത്തെ ഒരു വിജയം കൊണ്ടെങ്കിലും തടുത്തു നിര്‍ത്താനായി എന്ന് ഓസ്‌ട്രേലിയയ്ക്ക് ആശ്വസിക്കുകയും ചെയ്യാം.
രണ്ടു വിക്കറ്റ് മാത്രം കൈവിട്ട് 431 റണ്‍സ് നേടി ഏകദിനം വിജയിക്കുക എന്നത് ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ മികച് സ്‌കോറാണ്. അതുപോലെ ഏതെങ്കിലും ഏകദിനത്തില്‍ 276 റണ്‍സിന്റെ വിജയം കൈവരിക്കുക എന്നതു രണ്ടാമത്തെ മികച്ച വിജയവുമാണ്. ഏകദിനങ്ങളില്‍ ഏറ്റവും കുറച്ചു പന്തുകളില്‍ നിന്ന് (47 പന്ത്) സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായി കാമറോണ്‍ ഗ്രീന്‍ മാറുകയും ചെയ്തു. ഈയിനത്തില്‍ ഒന്നാമത്തെയും മൂന്നാമത്തെയും സ്ഥാനത്ത് ഗ്ലെന്‍ മാക്‌സവെല്ലാണുള്ളത്.
യഥാര്‍ഥത്തില്‍ ക്രമം തെറ്റിച്ചാണെങ്കില്‍ കൂടി മൂന്നാമത്തെ ബാറ്റ്‌സ്മാനായി ഗ്രീന്‍ ക്രീസിലെത്തുന്നതിനു മുമ്പു തന്നെ ബാറ്റിങ് വെടിക്കെട്ടിനു തിരശീല ഉയര്‍ന്നിരുന്നതാണ്. അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡും (142) കാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (100) സെഞ്ച്വറി തികച്ചിരുന്നു. അതേ ടെമ്പോയുടെ തുടര്‍ച്ച തന്നെയാണ് ഗ്രീനിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്നത്.
ടോസ് നേടിയ മാര്‍ഷ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്നു തെളിയിച്ച് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 250 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് എന്നത് ഇന്നുവരെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയ നേടിയിട്ടുള്ള ഏറ്റവും മികച്ചതാണ്. 155 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. ഓസീസിനായി കൂപ്പര്‍ കൊണോലി അഞ്ച് വിക്കറ്റാണെടുത്തത്.