ഒരു പക്ഷേ ആയുസ് തീരുന്നതും തടവറയിൽ; എന്നിട്ടും തളരാതെ, തീരാതെ അയാൾ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച വൈറലായി മാറിയൊരു പോസ്റ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായി മാറുന്നു. സാധാരണയായി സെലിബ്രിറ്റി വീഡിയോകളും ചിത്രങ്ങളും മറ്റും വൈറലാകുന്ന സ്ഥാനത്താണ് ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ നെറുകയില്‍ ചുംബിക്കുന്ന ചിത്രം വൈറലായിരിക്കുന്നത്. അതിനു കാരണം ആ പുരുഷന്റെ പേര് സഞ്ജീവ് ഭട്ട് എന്നും ഭാര്യയുടെ പേര് ശ്വേത ഭട്ട് എന്നുമായതാണ്. ഇന്ത്യയില്‍ ഭരണകൂടങ്ങളുടെയും ജുഡീഷ്യറിയുടെയുമൊക്കെ നീതി ബോധത്തിനു നേരേ കാതലായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സംഭവവികാസ പരമ്പരയുടെ മധ്യത്തിലാണ് ഐപിഎസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ സ്ഥാനം. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്വേഷണത്തിനായി രൂപീകരിക്കപ്പെട്ട ജസ്റ്റിസ് നാനാവതി കമ്മീഷനു മുന്നില്‍ അന്നത്തെ ഗുജറാത്തിലെ മോദി ഗവണ്‍മെന്റിനെതിരേ തെളിവു കൊടുത്തു എന്ന കാരണത്താല്‍ 2014ല്‍ മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ വേട്ടയാടപ്പെടുന്ന ഓഫീസറാണ് ഭട്ട്. 1989ല്‍ സംഭവിച്ച കസ്റ്റഡി മരണ കേസിന്റെ പേരില്‍ 2024ല്‍ ജീവപര്യന്തം തടവിനും 1996 സംഭവിച്ച മയക്കുമരുന്നു തൊണ്ടിസൃഷ്ടിക്കല്‍ കേസില്‍ ഇക്കൊല്ലം ഏപ്രിലില്‍ 20 വര്‍ഷത്തെ തടവിനും ശിക്ഷിക്കപ്പെട്ട് ഗുജറാത്ത് രാജ്‌കോട്ടിലെ സെന്‍ട്രല്‍ ജയിലിലാണ് സഞ്ജീവ് ഭട്ട് ഇപ്പോള്‍. ഈ രണ്ടു കേസുകളിലും സഞ്ജീവിനു മനസറിവു പോലുമില്ലെന്ന എതിര്‍ വാദങ്ങള്‍ കോടതിക്കു ബോധ്യപ്പെട്ടില്ല. അതിനാലാണ് ഒരു കേസ് കഴിഞ്ഞ് 26 വര്‍ഷത്തിനു ശേഷവും രണ്ടാമത്തെ കേസ് കഴിഞ്ഞ് 28 വര്‍ഷത്തിനു ശേഷവും ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ട്രൂ പാത്ത് എന്ന ഫേസ്ബുക്ക് ഐഡിയില്‍ സഞ്ജീവിനു പരോള്‍ കിട്ടിയപ്പോള്‍ ഭാര്യയ്ക്കു മുത്തം കൊടുക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ്. ട്രൂ പാത്തിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

‘1157 ദിവസങ്ങൾ തന്റെ കുടുംബാംഗങ്ങളെ കാണാൻ അനുവാദം കിട്ടാതെ ജയിലിൽ കിടന്നതിന് ശേഷം മുൻ ഗുജറാത്ത്‌ ഐ.പി.എസ്‌ ഓഫീസർ സഞ്ജീവ്‌ ഭട്ട്‌ ഭാര്യ ശ്വേതാഭട്ടിനെ കാണുന്ന ചിത്രമാണിത്‌…
നടുനിവർത്തി ശിരസ്സ്‌ ഉയർത്തി പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിക്കുന്ന ചിത്രം ..
സത്യത്തിൽ രോമാഞ്ചമുണ്ടാക്കുന്നു..
പോരാളികളുടെ ആവേശവും പ്രചോദനവുമാണ് സഞ്ജീവ്‌ ഭട്ട്‌…
സല്യൂട്ട്‌ സർ
അദ്ധേഹം ജയിലാകുന്നതിന് മുൻപ്‌ എഴുതിയ ഒരു കവിത ചുവടെ
“എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ
എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ.
നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും
സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും
കരുത്തിന്‍റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും
അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,
നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…” ‘