സൗഹൃദങ്ങളുടെ വിശാലമായ ആകാശത്തിനു താഴെ മെയ്റ്റ്‌ലാന്‍ഡ് മലയാളികളുടെ ഓണം

സിഡ്‌നി: മെയ്റ്റ്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ അതിവിപുലമായ രീതിയില്‍ ശനിയാഴ്ച മെയ്റ്റ്‌ലാന്‍ഡ് ഹൈസ്‌കൂള്‍ ഹാളില്‍ ഓണം ആഘോഷിച്ചു. രാവിലെ ഒമ്പതിന് ആയിരത്തിലധികം മലയാളികളുടെ മഹനീയ സാന്നിധ്യത്തില്‍ തിരിതെളിഞ്ഞതോടെ ഓണാഘോഷത്തിനു തിരശീല ഉയര്‍ന്നു. വടംവലിയും ഓണക്കളികളുമായിരുന്നു ആദ്യം നടന്നത്. പരമ്പരാഗത രീതിയിലുള്ള ഓണസദ്യ വിഭവസമൃദ്ധമായിരുന്നു. ഓണപ്പാട്ടുകളുടെ ആലാപനം എല്ലാവരെയും നാട്ടിലെ ഓണത്തിന്റെ വൈബിലേക്കാണ് കൊണ്ടുപോയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ സാധിക്കുന്ന കലാപരിപാടികള്‍ തികച്ചും സമയബന്ധിതമായി ക്രമീകരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഗന്ധര്‍വരെന്നു പേരു കേട്ട നിഖില്‍ ശ്രീകുമാറിന്റെയും ഷാര്‍ലറ്റ് ജിനുവിന്റെയും ഗാനമേള ഏറെ ഹൃദ്യമായി. പ്രോഗ്രാം കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അംഗങ്ങളെല്ലാം സംതൃപ്തി രേഖപ്പെടുത്തി. മെയ്റ്റ്‌ലാന്‍ഡ് എന്ന പേരു സൂചിപ്പിക്കുന്നതു പോലെ മേറ്റുകളുടെ അഥവാ സുഹൃത്തുക്കളുടെ ലാന്‍ഡ് എന്ന് അക്ഷരാര്‍ഥത്തില്‍ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു പരിപാടികളെല്ലാം. സൗഹൃദങ്ങളുടെ വിശാലമായ ആകാശം തീര്‍ക്കുന്ന മലയാളി മനസ് ഓരോ പരിപാടിയിലും നിറഞ്ഞു നിന്നു. പ്രവാസത്തിന്റെ ഊഷരതയില്‍ അന്യോന്യം ഊന്നുവടികളായി തീരുന്നവരുടെ സ്‌നേഹത്തിന്റെ അടയാളമാണ് ഈ പരിപാടിയെന്ന് സ്‌പോണ്‍സര്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.