പ്രവാസി മലയാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സുമായി നോര്‍ക്ക. സെപ്. 22ന് ആരംഭിക്കും

ദുബായ്: പ്രവാസികള്‍ക്കു കേരളപ്പിറവി സമ്മാനമായി ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നു. നോര്‍ക്ക കെയറിന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യയിലുടനീളമുള്ള 12000 ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ വരെയും അപകട മരണങ്ങള്‍ക്ക് പത്തുലക്ഷം രൂപവരെയും സംരക്ഷണം നല്‍കുന്ന ആരോഗ്യ പരിരക്ഷണ പരിപാടിയാണിത്. സംസ്ഥാനത്തു മാത്രം 410 ആശുപത്രികള്‍ ഈ പദ്ധതിയുമായി കൈകോര്‍ക്കുന്നുണ്ട്.
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രവാസികള്‍ക്കു പുറമെ ഭര്‍ത്താവ്, ഭാര്യ, രണ്ടു കുട്ടികള്‍ എന്നിവരടങ്ങുന്ന നാലു പേര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ സംരക്ഷണവും അടിയന്തര സാഹചര്യങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിക്ക് ഒരു വര്‍ഷത്തേക്ക് പ്രീമിയമായി നിശ്ചയിച്ചിരിക്കുന്നത് ജിഎസ്ടി ഉള്‍പ്പെടെ 13275 രൂപ മാത്രമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഒരു കുട്ടിക്ക് 4130 രൂപ എന്ന നിരക്കില്‍ അധിക പ്രീമിയം ആവശ്യമായി വരും. ഒരാള്‍ക്കു മാത്രം ഇന്‍ഷുറന്‍സ് കവറേജ് കിട്ടുന്ന വ്യക്തിഗത പാക്കേജാണെങ്കില്‍ വാര്‍ഷിക പ്രീമിയം 7965 രൂപ. കുട്ടികള്‍ക്ക് 25 വയസില്‍ താഴെയായിരിക്കണമെന്നു പരിമിതപ്പെടുത്തിയിരിക്കുന്നു. സെപ്റ്റംബര്‍ 22ന് പദ്ധതി നിലവില്‍ വരും. പേരു ചേര്‍ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 21. പദ്ധതി സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ വിവിധ രാജ്യങ്ങളില്‍ നോര്‍ക്ക പ്രതിനിധികള്‍ എത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കയുടെ ഓഫീസുകളില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ അറിയാവുന്നതുമാണ്.