ജര്‍മനിയില്‍ മലയാളത്തിനായി വിലപ്പെട്ട സംരംഭം, മലയാളം ക്ലാസ് രണ്ടാം വയസിലേക്ക്

ബര്‍ലിന്‍: മലയാളം ഒരു വികാരമായി കൊണ്ടുനടക്കുന്നവര്‍ എവിടെ ചെന്നാലും അടുത്ത തലമുറയുടെ മാതൃഭാഷയുടെ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തിക്കുമെന്നു തെളിയിക്കുകയാണ് ജര്‍മനിയില്‍ സ്റ്റുട്ട്ഗാര്‍ട്ടിലെ പ്രവാസി ജനത. അടുത്ത തലമുറയെ മലയാളം പഠിപ്പിക്കുന്നതിനായി ആരംഭിച്ച മലയാളം ക്ലാസുകള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഇപ്പോഴും ക്ലാസുകള്‍ നടക്കുകയും ചെയ്യുന്നു. മലയാളി കമ്യൂണിറ്റി സ്റ്റുഡ്ഗാര്‍ട്ടിന്റെ (MCS) ആഭിമുഖ്യത്തിലാണ് ക്ലാസുകള്‍ നടന്നു പോരുന്നത്.
വെറുതേ മലയാള ഭാഷ പഠിപ്പിക്കുന്നതിനപ്പുറം മലയാളത്തിന്റെ സംസ്‌കാരവും പൈതൃകവും കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയുമാണ് ഈ ക്ലാസിലൂടെ ചെയ്യുന്നത്. ആറു മുതല്‍ പത്തു വരെ വയസുള്ള കുട്ടികള്‍ക്ക് റോസന്റീന്‍ പാര്‍ക്കില്‍ ഔട്ട് ഡോര്‍ ക്ലാസുകളും തണുപ്പുകാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളുമാണ് നടത്തുന്നത്. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ ഔദ്യോഗിക അംഗീകാരവും ഈ ക്ലാസിനുണ്ട്. ആതിര, ശാലു, സജനനിസ്സി, ശ്രുതി എന്നിവരാണ് അധ്യാപകരായി സന്നദ്ധ സേവനം ചെയ്യുന്നത്.