ട്രംപിന് ഉറ്റ ചങ്ങാതി, മസ്‌കിനു പാമ്പ്, സെര്‍ജി ഗോര്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായി ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി സെര്‍ജിയോ ഗോര്‍ നിയമിതനായി. ഇദ്ദേഹം ഇന്ത്യയിലെ അംബാസിഡര്‍ പദവിക്കു പുറമെ ദക്ഷിണ മധ്യേഷ്യന്‍ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധിയായും സേവനമനുഷ്ഠിക്കും. ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ വ്യക്തികളുടെ സംഘത്തിലെ അംഗമാണ് ഗോര്‍. അതു തന്നെയാവാം ഇന്ത്യ പോലെ അമേരിക്കയ്ക്കു പലവിധ താല്‍പര്യങ്ങളുള്ള രാജ്യത്ത് അംബാസിഡറായി നിയമിക്കപ്പെടാന്‍ ഇടയാക്കിയതെന്നു വിശ്വസിക്കപ്പെടുന്നു.
അമേരിക്കയിലെ ബിസിനസുകാരന്‍ കൂടിയായ ഗോര്‍ സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയുമാണ്. ട്രംപിന്റെ വിശ്വസ്തന്‍ എന്നതിലുപരി ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും തമ്മില്‍ തെറ്റിക്കുന്നതില്‍ നിര്‍ണായകമായ കളികള്‍ വന്നത് ഗോറിന്റെ ബുദ്ധിയില്‍ നിന്നാണെന്നു പറയുന്നു. അതിനാലാകണം ഗോറിനെ മസ്‌ക് വിളിച്ചതു തന്നെ പാമ്പ് എന്നാണ്. അത്രമാത്രം വിഷമുള്ളതെന്നര്‍ഥം. ഇന്ത്യയുമായി അമേരിക്കയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന ഈ അവസ്ഥയില്‍ ബന്ധം നന്നാക്കാനായിരിക്കുമോ അതോ ഉള്ളതു കൂടി തീര്‍ത്തെടുക്കാനായിരിക്കുമോ തന്ത്രശാലിയായ അനുയായിയെ തന്നെ ട്രംപ് ഇന്ത്യയിലേക്ക് നിയമിച്ചതെന്നാണ് നയതന്ത്ര രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്.