ന്യൂയോര്‍ക്ക്: മനുഷ്യന് സമൂഹത്തിനു വേണ്ടി ചെയ്യുന്ന വലിയൊരു കോംപ്രമൈസ് ആണ് വസ്ത്രധാരണമെന്നു പറയുന്നവരുമുണ്ട്. ഇങ്ങനെ കോംപ്രമൈസ് ചെയ്യാതെ ആത്മവിശ്വാസത്തോടെ സമൂഹത്തിലിടപെടാന്‍ അവസരം ലഭിക്കുന്നതു വലിയ കാര്യമായി എടുക്കുന്നവരുമുണ്ട്. ബര്‍ത്ത് ഡേ സ്യൂട്ടില്‍ അതായത് വസ്ത്രത്തോടു വിടപറഞ്ഞതിനു ശേഷം വിനോദ യാത്ര ചെയ്യാനായാലോ. അതൊരു അനുഭവം തന്നെയായിരിക്കുമെന്നു കരുതുന്നവര്‍ക്കായി ഇതാ ഒരു വിനോദയാത്ര. അറേഞ്ച് ചെയ്തിരിക്കുന്നത് അമേരിക്ക ആസ്ഥാനമായ ബെയര്‍ നെസസിറ്റീസ് എന്ന കമ്പനി. ഏറ്റവും ചുരുങ്ങിയ അത്യാവശ്യങ്ങള്‍ എന്നോ നഗ്നമായ അത്യാവശ്യങ്ങള്‍ എന്നോ മൊഴിമാറ്റം നടത്താവുന്ന ഈ പേരില്‍ തന്നെയുണ്ട് കുറേയേറെ അര്‍ഥങ്ങള്‍. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെയാണ് കമ്പനിയുടെ രണ്ടാമത്തെ നഗ്നയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേ ആഡംബര നൗകയില്‍ കടല്ക്കാറ്റു കൊണ്ടുള്ള യാത്രയുടെ അനുഭവത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു കഴിഞ്ഞു. 43 ലക്ഷം രൂപയാണ് ഒരു ടിക്കറ്റിന്റെ ചാര്‍ജ്. ഇക്കൊല്ലം ഫെബ്രുവരിയിലും ഇത്തരം ഒരു കപ്പല്‍ യാത്ര ഇതേ കമ്പനി നടത്തിയിരുന്നു. അന്നും അതിവേഗം ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നതാണ്. ശരീരത്തിന്റെ സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്നതെന്നു കമ്പനി പറയുന്നു.
തുണിയുടുത്തിട്ടില്ലെന്നു കരുതി യാത്രയില്‍ എന്തും ചെയ്യാമെന്നോ എപ്പോഴും നൂല്‍ബന്ധമില്ലാതെ നടക്കാമെന്നോ ആരും കരുതേണ്ട. കപ്പലില്‍ മാന്യതയും അന്തസും പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ലംഘിക്കുന്നവരെ അടുത്തുള്ള തുറമുഖത്ത് ഇറക്കിവിട്ടിരിക്കും. ഒക്ടോബര്‍ 26നു തുടങ്ങുന്ന യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേര് ദി സീനിക് എക്ലിപ്സ് എന്നാണ്.
യാത്രയില്‍ ഭക്ഷണം കഴിക്കുന്ന മുറികളിലും കാപ്റ്റന്റെ സ്വീകരണ മുറിയിലും കലാപരിപാടികള്‍ നടക്കുന്നിടത്തും ഡ്രസ് കോഡ് നിര്‍ബന്ധമാണ്. തുറമുഖങ്ങളില്‍ ഇറങ്ങുമ്പോഴും തുണിയുടുത്തേ മതിയാകൂ. പൊതു ഇടങ്ങളില്‍ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നതിനും അനുവാദമില്ല. കഴിഞ്ഞ യാത്രയില്‍ ആയിരത്തിലധികം ആള്‍ക്കാരാണ് കാശുമുടക്കി നഗ്നയാത്രയ്ക്കെത്തിയത്. വളരെ നല്ല അഭിപ്രായം അന്നത്തെ സഞ്ചാരികളില്‍ നിന്നുണ്ടായതിന്റെ വെളിച്ചത്തിലാണ് ഇതേ വര്‍ഷം തന്നെ രണ്ടാമതൊരു യാത്ര കൂടി ക്രമീകരിച്ചിരിക്കുന്നത്.
വരുന്നോ ബര്‍ത്ത്ഡേ സ്യൂട്ടില്‍ ഉല്ലാസ നൗകയില്‍ നാടുകള്‍ കണ്ടൊന്നു ചുറ്റാന്‍
