ദോഹ: ഫിഫ കപ്പ് എന്നാല്‍ ഫുട്‌ബോളിന്റെ ലോക കപ്പ് മാത്രമല്ല, ഫിഫ തന്നെ നേരിട്ടു നടത്തുന്ന ഫിഫ അറബ് കപ്പും ഇത്തരത്തിലുള്ളതാണ്. അറബ് രാജ്യങ്ങള്‍ക്കു മാത്രമാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇക്കൊല്ലത്തെ ഫിഫ അറബ് കപ്പിന് ഇനി കൃത്യം നൂറു ദിനങ്ങള്‍ മാത്രം. കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ 18 വരെ ഖത്തറിലെ ആറു സ്റ്റേഡിയങ്ങളിലാണ് ഫിഫ അറബ് കപ്പ് നടക്കുക.
ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ എട്ടു ടീമുകള്‍ നേരിട്ട് ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടിക്കഴിഞ്ഞു. ഏപ്രിലിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച എട്ടു സ്ഥാനങ്ങളിലേക്കുള്ള ടീമുകലെ നവംബര്‍ 25, 26 തീയതികളിലായി ഖത്തറില്‍ നടക്കുന്ന പ്ലേ ഓഫിലൂടെ തിരഞ്ഞെടുക്കും. ആതിഥേയരായ ഖത്തര്‍, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോര്‍ദാന്‍, യുഎഇ എന്നീ ടീമുകളാണ് നേരിട്ടു യോഗ്യത ഉറപ്പാക്കിയത്. ശേഷിക്കുന്ന എട്ടു ടീമുകള്‍ പ്ലേ ഓഫ് വഴി കയറി വരുമ്പോള്‍ മത്സരത്തിനുള്ള നിര പൂര്‍ണമാകും. നാലു വര്‍ഷത്തിലൊരിക്കലാണ് ഫിഫ അറബ് കപ്പ് ഫുട്‌ബോളും നടക്കുന്നത്. ഇക്കൊല്ലത്തേതിനു പുറമെ അടുത്ത രണ്ടു അറബ് കപ്പും ഖത്തറില്‍ തന്നെയായിരിക്കും നടക്കുകയെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.
ഫിഫ അറബ് കപ്പ് ഫുട്ബോളിലേക്ക് ഇനി നൂറു നാള്‍, പതിനാറു ടീമുകള്‍ മാറ്റുരയ്ക്കും
