ഇങ്ങനെയുമുണ്ടോ കല്യാണച്ചതി. ആകെ ഓര്‍മയുള്ളത് വാട്‌സാപ്പ് അറ്റാച്ച്‌മെന്റ് തുറന്നത്

മുംബൈ: വാട്‌സാപ്പില്‍ വിവാഹത്തിനു ക്ഷണം കിട്ടുന്നത് ഇക്കാലത്ത് സര്‍വസാധാരണം. ചിലര്‍ അതിനു പുറമെ ഫോണില്‍ വിളിക്കുകയും ചെയ്യും. ഒരു കല്യാണച്ചതിയുടെ കഥയാണ് മുംബൈയില്‍ നടന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വാട്‌സ്പ്പ് മുഖേന ഒരു കല്യാണത്തിനു ക്ഷണം ലഭിക്കുന്നു. പരിചയമില്ലാത്ത നമ്പരായിരുന്നെങ്കിലും കല്യാണത്തിന്റെ ക്ഷണമായതിനാല്‍ തുറന്നു. അപ്പോള്‍ അതിനൊപ്പം അറ്റാച്ച്‌മെന്റായി ക്ഷണക്കത്തിന്റെ പിഡിഎഫ് കോപ്പിയും ഉണ്ടായിരുന്നു. ക്ഷണപത്രമാണ് പിഡിഎഫ് എന്നതില്‍ എഴുതിയിട്ടുമുണ്ടായിരുന്നു.
ആകെക്കൂടി അയാള്‍ ചെയ്യുന്നത് പിഡിഎഫ് തുറക്കുക എന്നതു മാത്രമായിരുന്നു. എന്നാല്‍ തുറന്ന സമയം കൊണ്ട് ഫോണ്‍ അപ്പാടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിലുണ്ടായിരുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1,90,000 രൂപയും തട്ടിപ്പുകാര്‍ അടിച്ചുമാറ്റി. പണം നഷ്ടമായ വിവരം പിന്നാലെ അറിഞ്ഞപ്പോള്‍ അയാള്‍ പോലീസ് സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു. ഈ വര്‍ഷം തന്നെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് അജ്ഞാത നമ്പരുകളില്‍ നിന്നു വരുന്ന അറ്റാച്ച്‌മെന്റുകളൊന്നും തുറക്കരുതെന്നാണ് പോലീസ് പറയുന്നത്. ഈ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.