ഇന്ത്യയിലെ വാതുവയ്പ് രാജാവ്, കാസിനോ ഡോണ്‍, കര്‍ണാടക എംഎല്‍എ വീരേന്ദ്ര കുടുങ്ങി

ബെംഗളൂരു: ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങളുടെ വന്‍ റാക്കറ്റിനെ ഇഡി കുടുക്കി. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് എംഎല്‍എ കെ സി വീരേന്ദ്രയുടെ ഉടമസ്ഥതിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തതിനു പിന്നാലെ പപ്പി എന്നു വിളിക്കപ്പെടുന്ന വീരേന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയ്മിങ്, ഓണ്‍ലൈന്‍ വാതുവയ്പ് എന്നിവയാണ് പപ്പി നടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ പന്ത്രണ്ടു കോടി രൂപയും ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പത്തുകിലോയോളം വെള്ളിയും നാലു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പതിനേഴ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സിക്കിമില്‍ നിന്നായിരുന്നു വീരേന്ദ്രയെ അറസ്റ്റ് ചെയ്തത്. മുപ്പതു സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്. ഗോവയില്‍ അഞ്ചു കാസിനോകള്‍ക്കു പുറമെ കിങ് 567, രാജ 567 എന്നീ പേരുകളില്‍ രണ്ടു വാതുവയ്പ് കേന്ദ്ര്ങ്ങളും വീരേന്ദ്ര നടത്തിയിരുന്നു. രാജ്യാന്തര കാസിനോ ശൃംഘലയുമായി ചേര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വിരേന്ദ്രയുടെ സഹോദരന്‍ നാഗരാജിന് ദുബായില്‍ ഗെയ്മിങ്, കോള്‍ സെന്റര്‍ മേഖലയില്‍ നിരവധി സംരംഭങ്ങളും നിലവിലുള്ളതായി അധികൃതര്‍ വെളിപ്പെടുത്തി.