കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അനേകരെ കുഴിയില്‍ ചാടിച്ച പ്രതി പോലീസില്‍ നിന്നു രക്ഷപെടാന്‍ കിണറ്റില്‍ ചാടി. അവിടം കൊണ്ടും പക്ഷേ, രക്ഷപെടല്‍ മാത്രം നടന്നില്ലന്നേയുള്ളൂ. പോലീസിന്റെ കൂടെ ഫയര്‍ ഫോഴ്‌സും കൂടി ചേര്‍ന്നതോടെ കക്ഷിയെ അനായാസം തൂക്കി.
കൊല്ലം ജില്ലയില്‍ എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി ശ്രീകുമാറാണ് പോലീസിനെ വേണ്ടുവോളം ചുറ്റിച്ചതിനു ശേഷം കുടുങ്ങിയത്. കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീകുമാറിനെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടുപ്രതി കൊല്ലം ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞത്. ഇതേ തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ഇയാളുമായി കൊല്ലത്തെത്തിയത്. രാത്രി ഇടവഴികളിലൂടെ പോലീസിനെ കൊണ്ടു പോയ ഇയാള്‍ പിന്നീട് ഓടി. ആ ഓട്ടത്തിലാണ് രക്ഷപെടാനായി ചാരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ വീട്ടിലെ കിണറ്റില്‍ ചാടുന്നത്. ശബ്ദം കേട്ട് സജീവിന്റെ കുടുംബാംഗങ്ങള്‍ ഇറങ്ങി നോക്കുമ്പോഴാണ് കിണറ്റില്‍ ഒരാളെ കാണുന്നത്. വീട്ടുകാരുടെ ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തുകയായിരുന്നു.
പിന്നീട് കുണ്ടറയില്‍ നിന്നു ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ശ്രീകുമാറിനെ കരയില്‍ കയറ്റുകയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചാട്ടത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഗോവിന്ദച്ചാമി മോഡല്‍ രക്ഷാശ്രമം, പോലീസും ഫയര്‍ഫോഴ്‌സുമൊന്നിച്ച് കിണറ്റില്‍ നിന്നു പൊക്കി
