ഓണസദ്യ, കലാപരിപാടികള്‍, ഓണക്കളികള്‍ ആത്മ ഓണാഘോഷം ഉത്സവതുല്യം

അസോസിയേഷൻ ഓഫ് ടൗൺസിൽ ഹിന്ദു മലയാളീസ് ഓസ്ട്രേലിയ (ATHMA)യുടെ ഒന്നാം വാർഷികവും ഓണാഘോഷവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളോടും ഓണക്കളികളോടും വിഭവസമൃദ്ധമായ സദ്യയോടും കൂടി ഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൻ്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്ര ആഘോഷത്തിന് മാറ്റുകൂട്ടി. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും, എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ പതാകയേന്തിയ ബാലന്മാരും ഘോഷയാത്രയിലെ വേറിട്ട കാഴ്ചകളായി.
ലാസ്യനടനത്തിന്റെ ചുവടുവെപ്പുകളും, കൈവളകളുടെ താളവുമായി ആത്മയിലെ വനിതകൾ തിരുവാതിരയുമായി ആഘോഷങ്ങൾക്ക് നിറം പകർന്നപ്പോൾ, സ്വരരാഗമാധുരിയുടെ ഓണസമ്മാനവുമായി ഗാനമേളയിലൂടെ ഗായകർ സദസ്സിൻ്റെ മനം കവർന്നു.

കേരളത്തിൻറെ സംസ്കാരവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്നുകൊണ്ട് ആത്മയുടെ ഈ വർഷത്തെ ഓണാഘോഷം മറ്റൊരാണക്കാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.