പുലിയാണെന്നു പറഞ്ഞിട്ടെന്ത്, വേണ്ടാത്തിടത്തു കയറിച്ചെന്നാല്‍ കിട്ടേണ്ടതു കിട്ടുമല്ലോ

നാസിക്: പുലിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഇരിക്കേണ്ടിടത്തിരിക്കാതെ പുറത്തിറങ്ങുകയും വേണ്ടാത്തിടത്തു ചെന്ന് അലയുകയും ചെയ്താല്‍ അയ്യപ്പനും കോശിയില്‍ പറയുന്നതു പോലെ എന്താകുമെന്നു കണ്ടറിയണം കോശീ. ഈ പാഠം നാസിക്കിലെ പുലിയെങ്കിലും പഠിച്ചു കാണും. വഴിതെറ്റിയോ മനപ്പൂര്‍വമായോ നാട്ടിലിറങ്ങിയതാണ് കക്ഷി. ചെന്നു പെട്ടത് തെരുവിന്റെ പുലിയായ നായയുടെ മുന്നില്‍. തെരുവുനായയുണ്ടോ പുതുമുഖത്തെ വിടുന്നു. ഓരോ പ്രദേശത്തിനും ആധിത്യം സ്ഥാപിച്ചിരിക്കുന്ന ഓരോ സെറ്റ് തെരുവുനായകളുണ്ട്. അവയല്ലാതെ മറ്റൊരു നായ ആ മേഖലയിലേക്കു കടന്നു കയറിയാല്‍ ആദ്യമേ ആധിപത്യം സ്ഥാപിച്ചവര്‍ ശരിയാക്കതു തന്നെ. തന്റെ ടെറിട്ടോറിയല്‍ ആധിപത്യം തകര്‍ക്കാന്‍ വന്ന ശത്രുവായി പുലിയെ കണ്ട നായ അവനെ കടിച്ചു കുടയുകയായിരുന്നു. അതുകൊണ്ടരിശം തീരാഞ്ഞവനാ എന്ന മട്ടില്‍ റോഡിലൂടെ മുഴുവന്‍ പുലിയെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ തിരികെ ആക്രമിക്കാന്‍ പുലി നോക്കാതെയല്ല. നിലത്തു നിര്‍ത്തിയിട്ടു വേണ്ടേ മര്‍മത്തൊന്നു കൊടുക്കാന്‍ എന്നു പഴയ ഗാട്ടാഗുസ്തിക്കാരന്‍ പറഞ്ഞതു പോലെ തെരുവുനായ പുലിയെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും സമ്മതിക്കുന്നതേയില്ല. നായയുടെ സംഘത്തിലെ മറ്റൊരു നായ കാണിയായും എത്തിയിരുന്നു. ഒന്നാമത്തെ നായയ്ക്കു തന്നെ തീര്‍ക്കാനുള്ള മുതല്‍ മാത്രമാണ് പുലിയെന്നു കണ്ടതുകൊണ്ടായിരിക്കും കാഴ്ച കണ്ടു നില്‍ക്കുന്നതേയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ കടിപിടിയുടെ വീഡിയോ. നായയുടെ പല്ലൊന്ന് അയഞ്ഞ തക്കം നോക്കി പുലി സ്ഥലം കാലിയാക്കുകയാണ്. ഇനിയാണ് നാട്ടുകാരുടെ പേടി തുടങ്ങിയിരിക്കുന്നത്. ഇത്രയും ആക്രമണത്തിനിരയായ പുലി തിരികെ കാടു കയറിയിട്ടില്ലായിരിക്കും എന്നാണ് വനംവകുപ്പുകാര്‍ പറയുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളിലെവിടെയെങ്കിലും പുലി പതുങ്ങിക്കിടക്കുന്നുണ്ടാവുമോ എന്നാണ് നാട്ടുകാരുടെ ഭീതി.