പുലി പോലെ വന്ന എഐ എലി പോലെയാകുമോ, അത്ര ഡെക്കറേഷന്‍ വേണോ

മാസച്യുസെറ്റ്‌സ്: എഐ എന്നു വച്ച് എന്തെല്ലാം തള്ളുകളായിരുന്നു, സര്‍വത്ര എഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഴുങ്ങിക്കളയുമെന്ന് എന്തെല്ലാം പ്രവചനങ്ങളായിരുന്നു നടന്നിരുന്നത്. എന്നിട്ടിപ്പോഴോ. മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യുടെ പഠനങ്ങള്‍ പറയുന്നത് അത്ര ഡെക്കറേഷനൊന്നും വേണ്ടവരില്ലെന്നാണ്. അനേകായിരം കോടി രൂപ വിവിധ ടെക് ഭീമന്‍മാര്‍ എഐയിലേക്ക് മുടക്കിയെങ്കിലും വളരെ ദുര്‍ബലമായ ലാഭം മാത്രമാണത്രേ ലഭിക്കുന്നത്. കംപ്യൂട്ടര്‍ മേഖലയിലെ പോലും തൊഴിലുകളെ പൂര്‍ണമായി കൈപ്പിടിയിലാക്കാന്‍ എഐക്ക് ഒരുനാളും സാധിക്കുകയില്ലെന്നും എംഐടി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രം എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളിലും മറ്റുമായി 4400 കോടി ഡോളറിലധികം മുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ കാര്യമായ വിറ്റുവരവെങ്കിലും ലഭിക്കുന്നുള്ളൂവെന്ന് പഠനം പറയുന്നു. വിറ്റുവരവ് പോലും കിട്ടാത്തിടത്ത് ലാഭം കിട്ടുന്നതെങ്ങനെയെന്ന ചോദ്യമാണിവര്‍ ഉന്നയിക്കുന്നത്. 95 ശതമാനം എഐ പ്രോജക്ടുകളില്‍ നിന്നും ഒരു ലാഭവും ഇതുവരെ കിട്ടിയിട്ടില്ല. ആദ്യം രംഗത്തേക്കിറങ്ങിയ ചാറ്റ് ജിപിടി, ജെമിനൈ തുടങ്ങിയവര്‍ക്ക് മറ്റു പ്രോജക്ടുകളുമായി ഇറങ്ങിയവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം വിറ്റ് കുറച്ചു ലാഭമുണ്ടാക്കാന്‍ സാധിച്ചെങ്കിലും ഇവരെ ആശ്രയിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങയിവരുടെ കാര്യമാണ് ഏറ്റവും പരിതാപകരമായി മാറിയത്. പല പദ്ധതികളും ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണത്രേ. പഠനം വ്യക്തമാക്കുന്നു.