സ്വരാജ് പോള്‍ അന്തരിച്ചു, ലോക സമ്പന്നരില്‍ ആദ്യ നൂറില്‍, കാപാറോ ഗ്രൂപ്പിന്റെ സ്ഥാപകന്‍

ലണ്ടന്‍: ഇന്ത്യന്‍ വശംജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ് പ്രായമായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്‌സിലെ അംഗം കൂടിയാണ് പോള്‍. ജന്മം കൊണ്ട് ഇന്ത്യക്കാരനായ സ്വരാജ് പോളിന്റെ ജനനം ജലന്ധറിലാണ്. മകളുടെ ചികിത്സയ്ക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലെത്തുന്നത്. മകളുടെ മരണ ശേഷം മകളുടെ പേരില്‍ അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഫൗണ്ടേഷന്റെ ലക്ഷ്യം. 2015ല്‍ മകന്‍ അംഗദ് പോളും ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മയ്ക്കായും നിരവധി ജീവകാരുണ്യ പദ്ധതികള്‍ സ്വരാജ് പോള്‍ നടപ്പാക്കിയിരുന്നു.
സണ്‍ഡേ ടൈംസിന്റെ ഈ വര്‍ഷത്തെ ലോക ധനികരുടെ പട്ടികയില്‍ സ്വരാജ് പോള്‍ എണ്‍പത്തൊന്നാം സ്ഥാനത്തായിരുന്നു നിന്നിരുന്നത്. യുകെയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.