എടുത്താല്‍ പൊങ്ങാത്ത പിഴശിക്ഷയില്‍ നിന്നു ട്രംപ് തലയൂരി, കേസുകള്‍ ഇനിയും ബാക്കി

ന്യൂയോര്‍ക്ക്: സാമ്പത്തിക വഞ്ചനാ കേസില്‍ ന്യൂയോര്‍ക്ക് കോടതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വിധിച്ച 4540 ലക്ഷം ഡോളറിന്റെ പിഴ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി. കുറ്റം നടന്നിട്ടുണ്ടെങ്കില്‍ കൂടി ചുമത്തിയിരിക്കുന്ന പിഴ അമിതമാണെന്ന ന്യായം പറഞ്ഞാണ് അഞ്ച് അംഗ അപ്പീല്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്. അതിഭീമമായ പിഴയുടെ ഭാരത്തില്‍ നിന്നു ട്രംപിനു തലയൂരാന്‍ ഈ വിധിയോടെ സാധിക്കും. എന്നാല്‍ ഈ വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ആദ്യം ശിക്ഷ വിധിച്ച ന്യൂയോര്‍ക്ക് കോടതിയിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് രൊക്കമേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ കേസില്‍ ട്രംപിന് അന്തിമമായി ആശ്വസിക്കാനായിട്ടില്ലെന്നര്‍ഥം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു സാമ്പത്തിക മെച്ചമുണ്ടാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ചു കാട്ടി എന്നതായിരുന്നു കേസിന് ആധാരം.
ഇതുകൊണ്ടും കോടതി കയറുന്നതില്‍ നിന്നു ട്രംപ് ഒഴിവാകുന്നില്ല. വേറെയും കേസുകള്‍ ട്രംപിന്റെ പേരിലുള്ളതാണ് കാരണം. അവയില്‍ ഏറ്റവും പ്രധാനം ഒരു നാറ്റക്കേസാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് താനുമായുള്ള ലൈംഗിക ബന്ധം മറച്ചു വയ്ക്കാന്‍ പണം നല്‍കിയെന്നതാണ് ഈ കേസ്. ഈ പണത്തെ കണക്കില്‍ കൊള്ളിക്കാനായി ബിസിനസ് രേഖകളിലടക്കം കൃത്രിമത്വം കാണിച്ചെന്നു കേസ് പറയുന്നു.