ചരിത്രത്തിലെ ഏറ്റവും വലിയ വീസ പരിശോധനയുമായി അമേരിക്ക മുന്നോട്ടോ

വാഷിങ്ടണ്‍: പുറം നാടുകളില്‍ നിന്നു വന്നു താമസിക്കുന്നവരുടെ താമസ രേഖകളുടെ അതിവിപുലമായ പരിശോധയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ലോകചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ അന്യദേശ പരിശോധയായിരിക്കും ഇതെന്നു പോലും കരുതുന്നവരുണ്ട്. ആകെ അഞ്ചര കോടി ആള്‍ക്കാരുടെ വീസയാണ് അമേരിക്ക പരിശോധിക്കാനൊരുങ്ങുന്നത്. നാടുകടത്തലിനു കാരണമായേക്കാവുന്ന ഏതെങ്കിലും വിഷയങ്ങള്‍ ഇത്രയും വീസ സംബന്ധമായി കണ്ടെത്താനാവുമോയെന്നാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. ട്രംപ് ഭരണകൂടം വ്യാഴാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
വിനോദ സഞ്ചാരികള്‍ മുതല്‍ സ്ഥിര താമസക്കാര്‍ വരെയെല്ലാവരുടെയും താമസരേഖകളായിരിക്കും പരിശോധനയ്ക്കു വിധേയമാക്കുക. നാടുകടത്തലിനു കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങള്‍ ആരുടെയെങ്കിലും വീസയില്‍ കണ്ടെത്താനായാല്‍ അവരെ നാടുകടത്താനാണ് ഇത്തരം വിപുലമായ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതൊരു തുടര്‍ച്ചയായ നടപടിയാണെന്നും അമേരിക്കയില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചവര്‍ക്കു പോലും പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കില്ലെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യുരിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഒന്നേകാല്‍ കോടി ഗ്രീന്‍കാര്‍ഡ് ഉടമകളും 36 ലക്ഷം താല്‍ക്കാലിസ വീസക്കാരുമായിരുന്നു അമേരിക്കയിലുണ്ടായിരുന്നത്.
വീസയുടെ കാലാവധി കഴിഞ്ഞത്, ക്രിമിനല്‍ പ്രവര്‍ത്തനം, പൊതുസുരക്ഷാ ഭീഷണി, തീവ്രവാദ പ്രവര്‍ത്തനം, തീവ്രവാദ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ കാര്യങ്ങളായിരിക്കും പരിശോധനയ്ക്കു വിധേയമാക്കുക.