തീവണ്ടികള്‍ ലഹരിയുടെ കടത്തുവണ്ടികളാകുന്നോ, കണക്കുകള്‍ പറയുന്നത്

കോഴിക്കോട്: ലഹരി കടത്തിനുള്ള ഏറ്റവും സുരക്ഷിത മാര്‍ഗമായി തീവണ്ടികള്‍ മാറുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. പാലക്കാട് ഡിവിഷനു കീഴില്‍ നിന്നു മാത്രം കഴിഞ്ഞ ഏഴു മാസംകൊണ്ടു പിടികൂടിയത് 4.09 ലക്ഷം കോടി രൂപയുടെ ലഹരി വസ്തുക്കള്‍. കണ്ണു തള്ളിപ്പോകുന്ന ഈ തുക പോലും മൊത്തം കടത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വരുന്നുള്ളൂവെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കാരണം കടത്തുന്നവരെല്ലാം തന്നെ അന്യസംസ്ഥാന തൊഴിലാളികളാണ്. അവരെ വ്യാപകമായി കണ്ടെത്താനോ തിരച്ചില്‍ നടത്താനോ ആരും മെനക്കെടാറില്ല എന്നതാണ് വാസ്തവം.
ഒഡിഷ, ജാര്‍ഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ മുഖേന ലഹരി ഏറിയ പങ്കും കേരളത്തിലേക്കു വരുന്നത്. അല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലഹരി പ്രധാനമായും കച്ചവടക്കാരോ കടത്തുകാരോ മുഖേനയായിരിക്കും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇക്കൂട്ടര്‍ പ്രധാനമായും ലഹരിയെത്തിക്കുന്നത്. ആദ്യത്തെ കൂട്ടര്‍ കഞ്ചാവ് പോലെയുള്ള വസ്തുക്കളാണ് കൊണ്ടുവരുന്നതെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ രാസലഹരി വസ്തുക്കളുമായാണ് ട്രെയിനിലെത്തുക. ഏതെങ്കിലും ഒറ്റു നടക്കുകയോ രഹസ്യ വിവരം ലഭിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നതും പിടികൂടുന്നതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഒരു വര്‍ഷം ആകെ പിടികൂടിയത് 9.63 ലക്ഷം കോടി രൂപയുടെ ലഹരി വസ്തുക്കളായിരുന്നെങ്കില്‍ ഇക്കൊല്ലം ഇക്കൊല്ലം അതേ നില തന്നെ തുടരുമെന്നുറപ്പ്. കാരണം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് 4.06 ലക്ഷം കോടിരൂപയുടെ ലഹരി പിടികൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നൂറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.