എല്ലാ കണ്ണുകളും സെപ്റ്റംബര്‍ പതിനഞ്ചിന് ദുബായിലെ സ്റ്റേഡിയത്തിലേക്ക്, ഉറപ്പ്.

ന്യൂഡല്‍ഹി: അടുത്ത മാസം ദുബായില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമെന്നുറപ്പായി. മത്സരത്തിന്റെ ഫിക്‌സ്ചര്‍ അനുസരിച്ച് കളി നടക്കേണ്ടതാണെങ്കിലും ഇന്ത്യന്‍ ടീം കളിക്കുന്നതിന് ഗവണ്‍മെന്റിന്റെ അനുമതി കിട്ടുമോയെന്ന സംശയത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനുമായി കളിക്കുന്നതിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. ഇതോടെ ഏഷ്യാകപ്പിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമെന്നുറപ്പായി. ഈ മത്സരത്തിന്റെ ഭാഗമായുള്ള പരസ്യങ്ങള്‍ക്കായിരുന്നു നിലവില്‍ സംപ്രേഷണാനുവാദം ലഭിച്ച ഏജന്‍സി ഏറ്റവും കൂടിയ തുക നിശ്ചയിച്ചിരുന്നത്. പത്തു സെക്കന്‍ഡിനു പതിനാറു ലക്ഷം രൂപയോളമായിരുന്നു പ്രഖ്യാപിത റേറ്റ്.
മറ്റു രാജ്യങ്ങള്‍ കൂടി കളിക്കുന്ന ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും രണ്ടു രാജ്യങ്ങള്‍ മാത്രമുള്ള ഉഭയകക്ഷി ടൂര്‍ണമെന്റുകള്‍ ഇന്ത്യ അനുവദിക്കില്ലെന്ന പഴയ തീരുമാനം അങ്ങനെ തന്നെ നില്‍ക്കുമെന്നാണ് കായിക മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് പല സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നതാണ്. അടുത്തയിടെ നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയിരുന്നു. സെപ്റ്റംബര്‍ പതിനാലിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദുബായിലെ സ്റ്റേഡിയത്തില്‍ ഏഷ്യാ കപ്പില്‍ കളിക്കുക. രണ്ടു രാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണെങ്കിലും അടുത്ത റൗണ്ടിലേക്ക് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടേക്കാം. കാരണം താരതമ്യേന ദുര്‍ബലരായ യുഎഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റു രണ്ടു രാജ്യങ്ങള്‍. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വീണ്ടും ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടാനും ചിലപ്പോള്‍ സാധ്യത തെളിഞ്ഞേക്കാം.