സെക്‌സ് ചാറ്റ് പോലും കുറ്റം, അപ്പോള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിക്കുന്നതോ

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ലൈംഗിക ചുവയുള്ള സംസാരം പോലും അതിലൊരാള്‍ക്ക് അതൃപ്തികരമായി തോന്നുകയാണെങ്കില്‍ അത് ഇന്ത്യയില്‍ നിയമപ്രകാരമുള്ള പരിഹാരം തേടാവുന്ന കുറ്റകൃത്യമാണെന്ന് നിയമവിദഗ്ധര്‍ വെളിപ്പെടുത്തുന്നു. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ യുവ പുതുമുഖ നടി ഉയര്‍ത്തിയ ചാറ്റ് വിവാദം യഥാര്‍ഥത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചതും ഒന്നിച്ചു ഡല്‍ഹിക്കു പോകാന്‍ ക്ഷണിച്ചതുമൊക്കെ ലൈംഗിക ചുവയോടെയാണെന്നു സ്ഥാപിക്കാനായാല്‍ ഐടി നിയമപ്രകാരം കുറ്റകരമാണ്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിനൊപ്പമോ വെളിപ്പെടുത്തല്‍ നടത്താതെയോ നടിക്ക് കോടതി മുഖേന പ്രശ്‌നത്തിനു പരിഹാരം തേടാവുന്നതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സെക്സ്റ്റിങ് അഥവാ സെക്‌സ് ചാറ്റിങ് ഇന്ത്യയില്‍ അതില്‍ തന്നെ കുറ്റകരമല്ലെങ്കിലും ചാറ്റ് ചെയ്യുന്ന രണ്ടു കക്ഷികളിലൊരാള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ കോടതി മുമ്പാകെ നിലനില്‍ക്കാന്‍ സാധിക്കുന്ന കുറ്റകൃത്യം തന്നെയാണ്.
ഇതേ അവസ്ഥ തന്നെയാണ് നഗ്ന ചിത്രങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളായ മെസഞ്ചറും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വഴിയൊക്കെ പങ്കുവയ്ക്കുന്നതും. രണ്ടുപേരും പരസ്പര സമ്മതത്തോടെയാണെങ്കിലും നഗ്നത വെളിവാക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആര്‍ക്കും പരാതിയില്ലാതിരിക്കുകയും ചെയ്താലും ഐടി നിയമത്തിന്റെ ലംഘനം അതില്‍ നടക്കുന്നുണ്ടെങ്കില്‍ കൂടി കേസാകാറില്ല. എന്നാല്‍ ഒരാള്‍ മറ്റേയാളുടെ സമ്മതമില്ലാതെ സ്വന്തം നഗ്ന ചിത്രം അയച്ചു കൊടുക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള കുറ്റകൃത്യം തന്നെയാണ്. അതുപോലെ മറ്റേയാളോട് നഗ്നചിത്രം അയച്ചു തരാന്‍ ആവശ്യപ്പെട്ടാലും ഇതേ ഗുരുത്വമുള്ള കുറ്റകൃത്യമായേ കോടതി കണക്കാക്കൂ. ഇതിലും വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഐടി നിയമലംഘനമാണ് ഏതു മുഖേയാണെങ്കിലും കൈവശമെത്തിച്ചേര്‍ന്ന ഒരു നഗ്നചിത്രം ലോകത്ത് മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുക്കുന്നത്. ഇപ്പോള്‍ പല പിഢന കേസുകളിലും പ്രണയകാലത്ത് നഗ്ന ചിത്രങ്ങള്‍ വാങ്ങി കൈവച്ചശേഷം പ്രണയത്തകര്‍ച്ചയോടെ അവ സാമൂഹ്യമാധ്യമം മുഖേന മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുക്കുന്നതും അയയ്ക്കുമെന്ന് ഭീഷണപ്പെടുത്തുന്നതുമെല്ലാം. ഇവ രണ്ടും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് നിയമവിദഗ്ധര്‍ വെളിപ്പെടുത്തുന്നു.