ഫ്ളോറിഡ: ആകെ മൂന്നേ മൂന്നു വിഭവങ്ങള്‍ മാത്രമുള്ള റെസ്റ്ററന്റോ. അതേ അങ്ങനെയും ഒരെണ്ണം പ്രവര്‍ത്തിക്കുന്നു. അതിഥികള്‍ക്ക് ആകെക്കൂടി തീരുമാനിക്കാന്‍ പറ്റുന്നത് എത്ര അളവില്‍ വേണമെന്ന കാര്യം മാത്രം. മൂന്നെണ്ണത്തില്‍ രണ്ടെണ്ണം കഴിക്കാനുളളത്. ഒരെണ്ണം കുടിക്കാനുള്ള വൈനാണ്. കഴിക്കാനുള്ളതില് തന്നെ ഒരെണ്ണം മധുരപലഹാരമാണ്. എങ്ങനെയുണ്ടീ സ്ഥലം. അമേരിക്കയിലെ ഫ്ളോറിഡയിലാണ് തികച്ചും സിഗ്നച്ചര് വിഭവങ്ങളുടെ ഈ ഭക്ഷണശാല. പേര് സി പാപ 3190.
84 മാജിക് ഹോസ്പിറ്റാലിറ്റി എന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. ഇവരുടെ പരസ്യവാചകം ഒരേയൊരെണ്ണം. വിനോ+ലസാന=സ്നേഹം. ഇവിടെ അതിഥികള്‍ക്ക് ഒരു സൗകര്യമുണ്ട്, മെനുവില്‍ നിന്നു വിഭവം തിരഞ്ഞ് സമയം കളയേണ്ടതില്ല. ഫ്ളോറിഡയിലെ തീരദേശ നഗരമായ മയാമിയിലാണ് ഈ റസ്റ്ററന്റ്. പൂര്‍ണമായും ഇറ്റാലിയനാണ് ഈ ഭക്ഷണശാല. വിഭവങ്ങള്‍ ഇറ്റാലിയനാണെന്നു മാത്രമല്ല, ആതിഥ്യരീതികളും ഇറ്റാലിയന്‍ തന്നെ. മധുരമില്ലാത്ത ഭക്ഷണം ലസാനെ എന്ന ഇറ്റാലിയന്‍ വിഭവം. മധുര പലഹാരം ടിറാമിസു. ഇതിനു പുറമെ വൈനും ഇവിടെ കിട്ടും. ബോലോനീസ് എന്ന ഇറ്റാലിയന്‍ സോസാണ് ലസാനെയില് ചേര്‍ക്കുന്നത്. ഇതില്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമുണ്ട്.
ഇതുകൊണ്ടും തീര്‍ന്നില്ല ഇതിന്റെ വിശേഷണങ്ങള്‍. ആകെ കൂടി 24 പേര്‍ക്കു മാത്രമാണ് ഇരിപ്പിടമുള്ളത്. വന്നിരുന്ന് ഭക്ഷണം കഴിക്കുക മാത്രമേ സാധിക്കൂ. ഓണ്‍ലൈന്‍ പരിപാടിയൊന്നുമില്ലെന്നു ചുരുക്കം. ഒരു ലസാനെയ്ക്ക് പതിനഞ്ചു ഡോളര്‍ നല്‍കണം. ടിറാമിസുവിന് ഒമ്പതു ഡോളര്‍. അവിടെ തയ്യാറാക്കി വയ്ക്കുന്ന ഭക്ഷണങ്ങള്‍ തീര്‍ന്ന അപ്പോഴേ കടയടയ്ക്കും. ഇതൊക്കെയായിട്ടും ഇവിടെ സീറ്റിന് ആള്ക്കാര് ക്യൂ നില്‍ക്കുകയാണത്രേ.
മൂന്നു വിഭവങ്ങളുടെ റസ്റ്ററന്റ്, 24 സീറ്റ്, എന്നിട്ടും തിരക്കോടു തിരക്കുമായി കച്ചവടം തകൃതി
