പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് മീറ്റിംഗിനിടെ ഹൃദയാഘാതം, ജീവന്‍ രക്ഷിക്കാനായില്ല

തിരുവനന്തപുരം: തോട്ടം തൊഴിലാളി മേഖലയിലെ ഏറെ സ്വാധീനമുള്ള നേതാവും പീരുമേട് മണ്ഡലത്തിലെ എംഎല്‍എയുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐക്കു ലഭിച്ച സീറ്റില്‍ കോണ്‍ഗ്രസിന്റെ അഡ്വ. സിറിയക് തോമസിനെ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്.
ജീപ്പില്‍ സഞ്ചരിക്കുന്ന എംഎല്‍എ എന്ന നിലയിലായിരുന്നു തിരുവനന്തപുരത്ത് സോമന്‍ അറിയപ്പെട്ടിരുന്നത്. ബാക്കി എംഎല്‍എമാരെല്ലാം വിവിധയിനം കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ മലയോര മേഖലയായ പീരുമേട്ടിലെമ്പാടും സഞ്ചരിക്കാന്‍ ഉത്തമമായ ജീപ്പായിരുന്നു സോമനുണ്ടായിരുന്നത്. തിരുവനന്തപുരത്തിനുള്ള യാത്രയും അതേ ജീപ്പില്‍ തന്നെയായിരുന്നു.