മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തഞ്ചുകാരന്‍ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിനു പിടികൊടുത്തു. ഇന്ത്യയില്‍ സ്വദേശം എവിടെയെന്നു വ്യക്തമാകാത്ത പ്രേംകുമാര്‍ എന്ന വ്യക്തിയാണ് ഭാര്യ അനുവിനെ അവര്‍ താമസിക്കുകയായിരുന്ന ഡാന്‍ഡനോങ് മേഖലയിലെ വസതിയില്‍ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഏതാനും വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭാര്യയ്‌ക്കൊപ്പം കഴിയുകയായിരുന്ന രണ്ടു കുട്ടികളെ നടത്തിക്കുന്നതും അവരെക്കൊണ്ട് ഞാന്‍ സിക്ക് പോരാളി എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ചില വീഡിയോകളില്‍ പ്രേംകുമാര്‍ ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും സൗദി അറേബ്യയ്ക്കും പാക്കിസ്ഥാനും അമേരിക്കയ്ക്കും ഓസ്‌ടേലിയയ്ക്കും എതിരേ ആക്രോശിക്കുന്നുമുണ്ട്. ഭാര്യയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു വീഡിയോയില്‍ വാഹനത്തില്‍ നിന്നു സമ്മാനങ്ങളെടുത്തു രണ്ടു വയസും നാലുവയസുമുള്ള മക്കള്‍ക്കു കൊടുക്കുന്നതും കാണാം.
അമ്മയെ കൂടാതെ കുട്ടികള്‍ രണ്ടുപേരും കളിസൈക്കിളില്‍ വീടിനു പുറത്തു കളിക്കുന്നതു കണ്ട അയല്‍ക്കാരാണ് മരണവിവരം ആദ്യം അറിയുന്നത്. പോലീസിനെ വിളിച്ചു വരുത്തിയതും അവര്‍ തന്നെ. പോലീസെത്തി പ്രേംകുമാറിനെ അറസ്റ്റു ചെയ്‌തെങ്കിലും അയാള്‍ ജാമ്യത്തിനു ശ്രമിച്ചതേയില്ല.
ഇന്ത്യന്‍ വംശജന്‍ പിണങ്ങിക്കഴിയുന്ന ഭാര്യയെ കൊന്നു, പോലീസിനു പിടികൊടുത്തു
