പത്തനംതിട്ട: വിവാദമായ ചാറ്റില്‍ ചുവടു തെന്നിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കേണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചു. പുതുമുഖ യുവനടിക്ക് അശ്ലീല സ്വഭാവം ആരോപിക്കാവുന്ന ശൃംഗാര സന്ദേശങ്ങള്‍ അവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അയച്ചുകൊണ്ടേയിരുന്നതാണ് രാഹുലിനു വിനയായത്. സന്ദേശങ്ങള്‍ അയച്ചത് രാഹുലാണെന്നു യുവതി ഒരിടത്തും പറഞ്ഞില്ലെങ്കില്‍ കൂടി രാഹുലിനെ വ്യക്തമായി മനസിലാക്കാനാവുന്ന വിധത്തിലായിരുന്നു ഒരു സ്വകാര്യ സാമൂഹ്യമാധ്യമ ചാനലിന് ഇവര്‍ അഭിമുഖം നല്‍കിയത്.
രാഹുല്‍ നേരിട്ടാണ് രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു കൈമാറിയത്. ഈ വിഷയത്തില്‍ ധാര്‍മികതയുടെ പേരിലാണ് രാജി വയ്ക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. രാഹുല്‍ തന്നെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലേക്കു ക്ഷണിച്ചുവെന്നും തുടര്‍ച്ചയായി അനാവശ്യ സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് യുവനടിയായ റിനി ആന്‍ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. അതേ സമയം സമാനമായ ആരോപണവുമായി ഒരു പ്രവാസി എഴുത്തുകാരിയും ഇന്നു രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ രാജിവയ്ക്കട്ടെ എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.
രാവിലെ മുതല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി വേദികളില്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ടു വാങ്ങണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. തദ്ദേശഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വരവേ വിവാദം നീട്ടിക്കൊണ്ടു പോകുന്നത് പാര്‍ട്ടിക്ക് പ്രതിസന്ധിയേ സൃഷ്ടിക്കൂ എന്നു പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉന്നതമായ ധാര്‍മിക നിലവാരം പ്രഖ്യാപിക്കാവുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു എന്നു പറയാം. ഇതിലും കടുത്ത ആരോപണം നേരിടേണ്ടി വന്ന പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഭരിക്കുന്ന അവസ്ഥയില്‍ വിശേഷിച്ചും.
ചാറ്റില്‍ ചുവടു തെന്നിയ ഗ്ലാമര്‍ യുവതാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു

