പോലീസ് ബ്ലേഡിന്റെ മൂര്‍ച്ചയ്ക്കിരയായി വീട്ടമ്മയുടെ മരണം, പോലീസ് പുത്രി പിടിയില്‍

കൊച്ചി: പോലീസ് ബ്ലേഡിന്റെ ഇര ആശ ബെന്നിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ പുത്രി ദീപ അറസ്റ്റിലായി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദീപയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രദീപിന്റെയും കുടുംബത്തിന്റെ വട്ടിപ്പലിശയ്ക്ക് ഇരയായ വീട്ടമ്മ ആശ ബെന്നി ചൊവ്വാഴ്ചയാണ് വിശദമായ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം പുഴയില്‍ ചാടി ജീവനൊടുക്കിയത്.
ആശ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍ക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ദീപയെ പിടികൂടിയിരിക്കുന്നത്. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂടെ ദീപയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായ മൊഴി പോലീസിനു ലഭിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി. ദീപയ്‌ക്കൊപ്പം പ്രതിയാകേണ്ട പ്രദീപും ഭാര്യ ബിന്ദുവും ഒളിവിലാണ്. ഇവര്‍ ഇരുവരുടെയും പേരുകള്‍ ആശയുടെ കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രദീപിന്റെ പക്കല്‍ നിന്നും പത്തു ലക്ഷം രൂപ കടം വാങ്ങിയ ആശ മുപ്പതു ലക്ഷത്തോളം രൂപ തിരികെ കൊടുത്തുവെങ്കിലും ഭീഷണിയും മാനഹാനി പ്രയോഗങ്ങളും നടത്തുകയായിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നേരത്തെ നടന്ന ശ്രീജിത് കസ്റ്റഡി മരണക്കേസിലും പ്രദീപ് പ്രതിയായിരുന്നു.