ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് നിയന്ത്രണ ബില്‍ ലോക്സഭ കടന്നു. ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകളെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ഉദ്ദേശിച്ചുള്ള നിയമമാണിത്.
ലോക്സഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ആദ്യം പണം നിക്ഷേപിച്ച് കൂടുതല്‍ പണം തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗെയ്മുകളെയാണ് ഓണ്‍ലൈന്‍ മണിഗെയ്മുകള് എന്നു പേരിട്ട് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യയ്ക്കു പുറത്തു നിന്നു നിയന്ത്രിക്കുന്ന ഇത്തരം ഗെയ്മുകള്‍ക്കും നിരോധനം ബാധകമാണ്. ഒട്ടുമിക്ക ഓണ്‍ലൈന്‍ ഗെയ്മുകളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. ഇവയെ കൂടി നിയന്ത്രിക്കുന്നതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഗെയ്മുകളില്‍ പരാതിയുണ്ടായാല്‍ തീര്‍പ്പു കല്പിക്കുന്നത് ഈ അതോറിറ്റിയായിരിക്കും.
ഓണ്‍ലൈന്‍ ഗെയ്മുകള് പ്രചരിപ്പിക്കുന്നവര്‍ക്കു പോലും മൂന്നു വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്.
പണം വച്ചാണോ ഓണ്‍ലൈനില്‍ കളി, ആ കളിയൊക്കെ വീട്ടില്‍ വച്ചാല്‍ മതി, പുതിയ നിയമം
