ജയിലഴി മുറിക്കല്‍ ഇത്ര എളുപ്പമോ, ചാട്ടം അതിലുമെളുപ്പമോ നോക്കാനുള്ളവര്‍ എവിടെപ്പോയി

കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതരുടെ നിലപാടിനെ പൂര്‍ണമായി തള്ളിക്കളയുന്ന കണ്ടെത്തലുകളിലേക്ക് മുഖ്യമന്ത്രി നിയമിച്ച അന്വേഷണ സംഘം എത്തിച്ചേരുന്നു. ജസ്റ്റിസ് (റിട്ട) സി എന്‍ രാമചന്ദ്രന്‍ നായരും മുന്‍ ഐജി ജേക്കബ് പുന്നൂസുമാണ് സംഘത്തിലുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കവേയാണ് രാമചന്ദ്രന്‍ നായര്‍ ഇങ്ങനെ പറഞ്ഞത്.
സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ട്. നാലു കമ്പികളുടെ രണ്ട് ഭാഗം വീതം മുറിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്ന ചെറിയ ആയുധം കൊണ്ട് ഇക്കാര്യം സാധ്യമല്ല. അത്രയ്ക്ക് ബലമേറിയ കമ്പിയാണത്. ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ പല ദിവസങ്ങള്‍ കൊണ്ട് ചെയ്തതാണെങ്കില്‍ അത്രയും ദിവസം ആരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടാതെ പോയത് എന്തുകൊണ്ടാണ്. ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. കണ്ണൂരിലെ സെന്‍ട്രല്‍ ജയില്‍ വളരെ പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ പലതരത്തിലുള്ള മെച്ചപ്പെടുത്തല്‍ ആവശ്യമാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ കാര്യത്തിലും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് രണ്ടു ദിവസം തുടര്‍ച്ചയായി ജയില്‍ സാഹചര്യങ്ങള്‍ പഠിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മറ്റു ജയിലുകള്‍ കൂടി സന്ദര്‍ശനം നടത്തി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും രാമചന്ദ്രന്‍ നായരും ജേക്കബ് പുന്നൂസും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.