നമ്മുടെ സ്വന്തം മലയാളത്തില്‍ ചെയ്ത റീലുകള്‍ സായിപ്പിന്റെ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യണോ. അതിന് സായിപ്പിന്റെ ഉച്ചാരണം കഷ്ടപ്പെട്ടു പഠിക്കുകയൊന്നും വേണ്ടെന്നേ. ഫേസ്ബുക്കിന്റെയും ഇന്സ്റ്റയുടെയുമൊക്കെ മാതൃകമ്പനിയായ മെറ്റ അതിനുള്ള വഴിയുമായി വരുന്നുണ്ട്. നിലവില്‍ ഇംഗ്ലീഷിനും സ്പാനിഷിനുമിടയില് ഈ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. താമസിയാതെ ഓരോരോ ഭാഷയിലേക്കായി പുതിയ സൗകര്യം നിലവില്‍ വരുമെന്നറിയിച്ച് മറ്റു ലോകഭാഷക്കാരെയെല്ലാം മെറ്റ സാന്ത്വനിപ്പിച്ചിട്ടുമുണ്ട്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ സൗകര്യം ക്രിയേറ്റര്‍മാര്‍ക്കായി നല്‍കുക. വെറുതെ ഡബ്ബ് ചെയ്യുക മാത്രമല്ല, കൃത്യമായി ലിപ് സിങ്ക് ചെയ്യുക പോലുമുണ്ടാകും. റീല്സ്മോന്മാര്ക്കും റീല്സ്മോള്മാര്ക്കും ആനന്ദത്തിന് ഇതിലധികമെന്തു വേണം. തങ്ങളുടെ റീലുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി റീല്‍സിലൂടെ സംവദിക്കാനും ഇതില്പരം സൗകര്യപ്രദമായ കാര്യമില്ലെന്നാണ് മെറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കാണിക്കുന്നത്. റീല്‍സില്‍ മാത്രം ഈ സൗകര്യം ഒതുങ്ങി നില്ക്കുകയുമില്ല. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍ തന്നെ അന്യോന്യം സംസാരിക്കാന്‍ കഴിയുമത്രേ. അതായത് നമ്മള് മലയാളത്തില്‍ പറയുന്നു, സിഡ്നിയിലിരിക്കുന്ന സായിപ്പ് അത് ഓസ്ട്രേിലിയന്‍ ഇംഗ്ലീഷില്‍ കേള്‍ക്കുന്നു. തിരിച്ചു നമ്മോടു പറയുന്നത് മലയാളത്തില്‍ നമ്മള് കേള്‍ക്കുന്നു. എന്താ ലേ, എന്നു പറയേണ്ടിവരുന്ന മാറ്റങ്ങളാണ് മെറ്റയുടെ ഗവേഷണശാലകളില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു ചുരുക്കം. കേവലം സംസാരത്തിനപ്പുറം ടെക്സ്റ്റ് മാറ്ററുകള്‍ ഇപ്പോള്‍ തന്നെ ഭാഷാമാറ്റം ചെയ്യാനുള്ള സൗകര്യം നിലവിലുണ്ടു താനും. മറ്റ് തേഡ് പാര്‍ട്ടി ടൂളുകള്‍, അതായത് വേറെ ആപ്പുകളും മറ്റും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഇക്കാര്യങ്ങള്‍ സാധിക്കും എന്നതാണ് മെറ്റ കൊണ്ടുവരുന്ന മാറ്റങ്ങള്‍ കൊണ്ടുള്ള പ്രയോജനം.
റീല്സന്മാരെയും റീല്സിമാരെയും മെറ്റ ഒറ്റക്കുടക്കീഴിലേക്കു കൊണ്ടുപോകുകയാണ് കേട്ടോ
