ക്വീന്‍സ്‌ലാന്‍ഡില്‍ നിന്ന നില്‍പില്‍ ഇന്ത്യന്‍ കൊറിയര്‍ ഏജന്റ് ആളാകെ മാറിപ്പോയല്ലോ

ക്വീന്‍സ്‌ലാന്‍ഡ്: താന്‍ ചെയ്തത് അപൂര്‍വമോ അസ്വാഭാവികമോ ആണെന്ന് ഒരു സെലിബ്രിറ്റി ആകുന്നതു വരെ ഗുര്‍പ്രീതിനു തോന്നിയതേയില്ല. സ്വപ്‌നങ്ങള്‍ക്കും അപ്പുറമാണല്ലോ കാര്യങ്ങള്‍ ചിലപ്പോള്‍ പോകുന്ന രീതി. ടെലിവിഷന്‍ ചാനലുകളിലും മറ്റും അഭിമുഖങ്ങള്‍, എത്തുന്നിടത്തെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നു, എല്ലാവരും ചുറ്റിലും കൂടുന്നു. ഗുര്‍പ്രീത് കണ്ണുതള്ളി നില്‍ക്കുന്നു. മനുഷ്യത്വപരമായ ചെറിയൊരു കാര്യം ചെയ്തതിനാണോ ഇതെല്ലാം എന്ന ഭാവം മാത്രം മുഖത്ത്.
വീടുകളില്‍ കൊറിയറിലെത്തുന്ന സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഡെലിവറി ഏജന്റ് മാത്രമാണ് ഗുര്‍പ്രീത് സിംഗ്. എന്നാല്‍ വളരെ സാധാരണ പോലെ ഇയാള്‍ ചെയ്‌തൊരു കാര്യം ഇപ്പോള്‍ പത്തുലക്ഷത്തിലധികം ആള്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. രാജ്യം മുഴുവന്‍ ടെലിവിഷന്‍ ഷോകളില്‍ ഗുര്‍പ്രീതുണ്ട്. സംഭവം ഇങ്ങനെ. ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള വെറിറ്റി വന്‍ഡാല്‍ എന്ന സ്ത്രീ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കു വയ്ക്കുന്നു. ഒരു വീഡിയോയോടു ചേര്‍ന്നുള്ള ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ഇക്കാണുന്ന സിംഗ് എനിക്കുള്ള കൊറിയല്‍ പായ്ക്കറ്റുമായി വരുമ്പോഴാണ് മഴ പെയ്യാന്‍ ആരംഭിക്കുന്നത്. അയാള്‍ പായ്ക്കറ്റ് മഴനനയാതെ മൂടി വച്ചുവെന്നു മാത്രമല്ല, മുറ്റത്തെ അയയില്‍ ഞാന്‍ ഉണക്കാന്‍ വിരിച്ചിരുന്ന തുണികള്‍ മുഴുവന്‍ എടുത്തു വീട്ടില്‍ കൊണ്ടുവന്നു മടക്കിവയ്ക്കുകയും ചെയ്തു.
നോക്കി നില്‍ക്കുന്ന നേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്. പത്തുലക്ഷത്തിലധികം ആള്‍ക്കാരാണ് ആ വീഡിയോ കണ്ടു കഴിഞ്ഞത്. ചാനല്‍ 7ലും ചാനല്‍ 9ലും ഇവര്‍ ഇരുവരുമായുള്ള ഇന്റര്‍വ്യൂ ഇതിനകം വന്നു കഴിഞ്ഞു. ചാനല്‍ 7ല്‍ സണ്‍റൈസ് എന്ന ഷോയിലും ചാനല്‍ 9ല്‍ ടുഡേ ഷോയിലും ഇവര്‍ വീണ്ടും വരാനിരിക്കുന്നു.