മെല്‍ബണ്‍: വ്യാജ ഫോണ്‍വിളികളും വെര്‍ച്വല്‍ അറസ്റ്റുകളുമൊക്കെ ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് ഓസ്ട്രേലിയയിലും എത്തുന്നോ. ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ സിബിഐയും ഇഡിയുമൊക്കെ മാറി കോണ്‍സുലേറ്റിന്റെ പേരിലാകുന്നുവെന്നു മാത്രം. എന്തായാലും ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ എല്ലാ ഇന്ത്യക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിക്കുന്നു. കോണ്‍സുലേറ്റിലെ ഹെല്പ് ലൈന്‍ നമ്പരായ 0450810828 എന്ന നമ്പരില്‍ നിന്നു വിളികളെത്തുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്.
വിളി വന്നു കഴിഞ്ഞാല്‍ പറയുന്നത് ഇന്ത്യന്‍ പോലീസാണെന്നും കോടതിയാണെന്നുമൊക്കെത്തന്നെ. ബാക്കി കാര്യങ്ങളെല്ലാം ഇന്ത്യയിലെ അതേ തിരക്കഥയില്‍ തന്നെയാണ് നടക്കുക. വിളിയെടുക്കുന്ന വ്യക്തി ഇന്ത്യയില്‍ കോടതി നടപടികള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ആവശ്യപ്പെട്ടിരിക്കുന്ന ആളാണെന്നായിരിക്കും പറയുകയെന്ന് മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു. ഇവരുടെ തട്ടിപ്പ് തിരിച്ചറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും കോണ്‍സുലേറ്റുമായി ബന്ധപ്പെടാനായിരിക്കും ആവശ്യപ്പെടുക.
കോണ്‍സുലേറ്റ് ഒരിക്കലും ഒരു വ്യക്തിയെയും ഇത്തരം കാര്യങ്ങളിലൊന്നും മൊബൈല്‍ ഫോണിലോ ലാന്‍ഡ് ലൈന്‍ ഫോണിലോ ബന്ധപ്പെടാറില്ലെന്നും ആരുടെയും വ്യക്തിപരമായ വിവരങ്ങളോ പണമിടപാടുകളോ തേടാറില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
പണം തട്ടാന്‍ വ്യാജവിളികള്‍ ഓസ്ട്രേലിയയിലും എത്തുന്നതായി കോണ്‍സുലേറ്റ്
