വി സി നിയമനങ്ങളില്‍ കാര്യങ്ങളൊക്കെ സുപ്രീം കോടതി കണ്ണാടി പോലെ ക്ലിയറാക്കുമ്പോള്‍

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ നടപടിക്രമങ്ങള്‍ ആര്‍ക്കും സംശയത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ സുപ്രീം കോടതി പുറത്തിറക്കി. കാര്യങ്ങള്‍ കണ്ണാടി പോലെ ക്ലിയറാകുമ്പോള്‍ ആ കണ്ണാടിയില്‍ തെളിയുക ആരുടെ ചിരിയായിരിക്കുമെന്നതാണ് പുതിയ തര്‍ക്ക വിഷയം. അതു മുഖ്യമന്ത്രിയുടെയായിരിക്കുമോ അതോ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെയോ.
സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ആയിരിക്കും സിലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും സമര്‍പ്പിച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്നുള്ള പേരുകള്‍ അദ്ദേഹം അക്ഷരമാലാ ക്രമത്തിലാക്കി മുഖ്യമന്ത്രിക്കു കൈമാറണം. മുഖ്യമന്ത്രി ആ പേരുകളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ച് തിരികെ കൈമാറണം. ഈ മുന്‍ഗണനാക്രമം ഗവര്‍ണര്‍ അംഗീകരിച്ചിരിക്കണം. പട്ടികയിലെ ഏതെങ്കിലും പേരിനോട് മുഖ്യമന്ത്രിക്കു വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്താം. വിയോജിപ്പിന്റെ കാരണവും അതിന് അടിസ്ഥാനമായ രേഖകളും ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണം. ഗവര്‍ണര്‍ക്കും ഇപ്രകാരം വിയോജിപ്പ് കാര്യകാരണ സഹിതം രേഖപ്പെടുത്താം. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച മുന്‍ഗണനാ ക്രമം മാറ്റാന്‍ പാടില്ല. ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ചെയര്‍മാന്‍ മേല്‍നോട്ടം വഹിക്കേണ്ടത്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പേരിന്റെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലിസ്റ്റ് സുപ്രീം കോടതിക്കു തന്നെ കൈമാറണം. കോടതിയായിരിക്കും പിന്നീട് വൈസ് ചാന്‍സലറെ നിശ്ചയിക്കുക.