‘മരിച്ച’ കഥാനായിക പഞ്ചായത്തിന്റെ നോട്ടീസ് കൈപ്പറ്റുന്നത് ഉയിരോടെ. ഒരു വോട്ടുവെട്ടല്‍ കഥ

കോഴിക്കോട്: കഥയൊന്നുമറിയാതെ കടന്നു ചെന്ന ഉദ്യോഗസ്ഥര്‍ പുലിവാലു പിടിച്ചതു പോലെയായ കാര്യമാണ് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കോഴിക്കോടിനടുത്ത് നാദാപുരത്തു നിന്നു വരുന്നത്. നാദാപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കല്ലുള്ളതില്‍ കല്യാണി മരിച്ചുവെന്നും അതിനാല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യണമെന്നു ഉദ്യോഗസ്ഥര്‍ക്ക് ഒരു പരാതി ലഭിക്കുന്നു. പരാതി നല്‍കിയതാകട്ടെ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവ്. ഉദ്യോഗസ്ഥര്‍ ഉഷാറായി. അവര്‍ പരിശോധനയ്ക്കു വീട്ടിലെത്തുന്നു. നോട്ടീസ് കൈമാറുന്നു. ഇനിയാണ് ആന്റി ക്ലൈമാക്‌സ്. നോട്ടീസ് കൈപ്പറ്റുന്നത് മരിച്ചുവെന്ന് പരാതിയില്‍ പറയുന്ന കല്യാണി തന്നെ.
ഇതിനൊരു പശ്ചാത്തലം കൂടിയുണ്ട്. നാദാപുരം പഞ്ചായത്തില്‍ ഇരു മുന്നണികളുടെയും നേതൃത്വത്തില്‍ വോട്ടു ചേര്‍ക്കലും വോട്ടു വെട്ടലും തകൃതിയായി നടക്കുകയാണ്. അതിനിടയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നേരിട്ടെത്തുന്നതു പോലെയുള്ള കടുംകൈ ചെയ്യുമെന്ന് പരാതിയെഴുതിയവര്‍ പോലും കരുതിയില്ലെന്നു മാത്രം.