ആരോഗ്യം വീണ്ടെടുത്ത് വരുന്നൂ മമ്മൂട്ടി ഊഹാപോഹങ്ങള്‍ കളമൊഴിയുന്നു

കൊച്ചി: ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തുന്ന മമ്മൂട്ടിക്കായി കാത്തിരുന്ന മലയാളസിനിമ ലോകത്തിന് സന്തോഷമേകിക്കൊണ്ട് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ബന്ധപ്പെട്ടവര്‍ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് മുഖേന സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മാസമായി മമ്മൂട്ടി സിനിമ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
സിനിമ നിര്‍മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ എസ് ജോര്‍ജാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി മമ്മൂട്ടിയുടെ തിരിച്ചുവരവ് വെളിപ്പെടുത്തിയത്. ‘അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. അവസാന ടെസ്റ്റുകളും കഴിഞ്ഞു. സ്‌കാന്‍ അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അനുകൂലമാണ്. ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ഒരുമാസത്തിനകം അദ്ദേഹം സിനിമയില്‍ സജീവമാകും.’ ജോര്‍ജ് കുറിച്ചു. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ഥിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഒന്നുമുണ്ടാവില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി’ എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കുറിച്ചത്.
മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന നിമിഷമായിരുന്നു ഇതെന്നാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പിആര്‍ഓ റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞത്. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പെങ്ങളുടെ മകനും നടനുമായ അഷ്‌കര്‍ സൗദാന്‍ കഴിഞ്ഞ ദിവസം തന്നെ പോസ്റ്റിട്ടിരുന്നതാണ്. കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം.