ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തമിഴ്-തെലുങ്ക് അങ്കത്തിനു കളമൊരുങ്ങി. ഇന്ന് ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി റിട്ടയേഡ് ജസ്റ്റിസ് ബി സുദര്‍ശന റെഡ്ഡിയെ പ്രഖ്യാപിച്ചതോടെയാണിത്. തമിഴക രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ തമിഴ്‌നാട്ടുകാരനായ മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു. ഇതിനു കിടപിടിക്കുന്ന തന്ത്രം തന്നെയാണ് ആന്ധ്രപ്രദേശില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തി ഇന്ത്യാസഖ്യവും പ്രയോഗിച്ചത്.
രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്താല്‍ തമിഴ് വികാരം എതിരാകുമോ എന്ന ഭയം ഡിഎംകെയ്ക്കു സമ്മാനിക്കാന്‍ ബിജെപിയുടെ സ്ഥാനാര്‍ഥിനിര്‍ണയം കാരണമായെങ്കില്‍ ഇതേ പ്രശ്‌നം തന്നെയായിരിക്കും ഇനി തെലുഗുദേശം പാര്‍ട്ടിക്കും. തെലുങ്കനെ എതിര്‍ക്കേണ്ടി വരുന്നതിലൂടെ ഇതേ പ്രശ്‌നത്തില്‍ തന്നെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉള്‍പ്പെടും.
1946ല്‍ ജനിച്ച സുദര്‍ശന്‍ റെഡ്ഡി ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയായും പിന്നീട് ഗുവാഹതി ഹൈക്കോടതിയില്‍ ചീഫ്ജസ്റ്റിസായും ഒടുവില്‍ സുപ്രീംകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ നീണ്ട നാലുവര്‍ഷക്കാലം സുപ്രീംകോടതിയില്‍ ജഡ്ജിയായ സേവനത്തിനു ശേഷം 2011ലാണ് വിരമിച്ചത്. ഉസ്മാനിയ സര്‍വകലാശാലയുടെ നിയമ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് രാധാകൃഷ്ണന്‍ VS സുദര്‍ശന്‍ റെഡ്ഡി അഥവാ തമിഴ്-തെലുങ്ക് അങ്കം
