എല്ലാ കണ്ണുകളും ഗാസയിലേക്ക്, ഇക്കുറി സമാധാനം കാണാന്‍. വെടിനിര്‍ത്തലിലേക്ക് ഹമാസ്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം മൂളി ഹമാസ്. ഇതിനൊപ്പം ബന്ദികളുടെ മോചനവും അംഗീകരിച്ചു. ഖത്തര്‍, ഈജിപ്റ്റ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ നാളുകളായി നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് ഹമാസിന്റെ സമ്മതമെത്തിയിരിക്കുന്നത്. ബിബിസിയും അല്‍ജസീറയുമാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളില്‍ ഒരു മാറ്റവും ഹമാസ് ആവശ്യപ്പെട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫിപിയും വെളിപ്പെടുത്തി. ഇതോടെ കഴിഞ്ഞ 22 മാസത്തിലധികമായി തുടരുന്ന യുദ്ധത്തിന് അന്ത്യമാകുന്നുവെന്നു കരുതപ്പെടുന്നു.
അറുപതു ദിവസത്തേക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ വെടിനിര്‍ത്തലുണ്ടാകുക. ഇതോടൊപ്പം രണ്ടു ഘട്ടമായി ബന്ദികളെ മോചിപ്പിക്കുകയും ചെയ്യും. തടവിലായിരിക്കെ 18 ബന്ദികള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഇവരുടെ ഭൗതികാവശിഷ്ടങ്ങളും ഇക്കൂടെ കൈമാറും. കീഴടങ്ങില്ലെങ്കിലും ഏറെക്കുറേ അതിനു തുല്യമായ രീതിയില്‍ ആയുധങ്ങള്‍ താഴെ വയ്ക്കും. ഇവ സൂക്ഷിക്കുന്നതിനായി യുഎന്നിന്റെ മേല്‍നോട്ടത്തില്‍ ഒരു അറബ് സൈന്യത്തെ വിന്യസിക്കുകയും ചെയ്യും.
ഹമാസ് സ്വന്തം നിലയില്‍ ഇത്രയും കാര്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവയോട് ഇസ്രയേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഹമാസ് ആയുധങ്ങള്‍ താഴെ വച്ചാല്‍ മാത്രം പോരാ, കീഴടങ്ങുക തന്നെയാണ് വേണ്ടതെന്നാണ് ഇസ്രയേലിന്റെ നിലപാടെന്നു പറയുന്നവരുണ്ട്.