ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളിലെ വി സി നിയമനമെന്ന കുഴമറി പരിഹരിക്കാന്‍ സുപ്രീംകോടതി ആദ്യം വടിയെടുത്തു, ഇപ്പോഴിതാ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ട് പോരടിച്ചു നില്ക്കുന്ന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം കൊടുത്തിരിക്കുന്നു. സംസ്ഥാന ഡിജിറ്റല്‍ സര്‍വകലാശാലയിലാണ് ശുദ്ധികര്മത്തിന്റെ തുടക്കം. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ രണ്ടാഴ്ചയ്ക്കകം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനകം വി സി നിയമനം നടത്തണമെന്നും പറയുക മാത്രമല്ല സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സനായി റിട്ടയേഡ് ജഡ്ജിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയാണ് സെര്‍ച്ച് കമ്മിറ്റി ചെയര്‍ പേഴ്സന്‍.
സ്ഥിരം വി സി നിയമനത്തിനായി പാനലില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ നിര്‍ദേശിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും സംസ്ഥാന ഗവണ്മെന്റിനും നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇരുകൂട്ടരും പാനല്‍ അംഗങ്ങളുടെ പേര് സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്. ചെയര്‍ പേഴസന്‍ ഈ പട്ടികകളില്‍ നിന്നു നാലു പേരെ പാനല്‍ അംഗങ്ങളായി തിരഞ്ഞെടുക്കും. ഗവര്‍ണറുടെ ലിസ്റ്റില്‍ നിന്നു രണ്ടുപേര്‍, ഗവണ്മെന്റിന്റെ ലിസ്റ്റില്‍ നിന്നു രണ്ടു പേര്. ഇതിനു പുറമെ യുജിസിയുടെ ഒരു പ്രതിനിധി കൂടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
ഗവര്‍ണര്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയുടെ തുടര്‍നടപടിയെന്ന നിലയിലാണ് ഇത്രയും കടുത്ത തീരുമാനം വന്നിരിക്കുന്നത്. സമാന പ്രശ്നം പശ്ചിമ ബംഗാള്‍ ഗവണ്മെന്റുമായി രൂപപ്പെട്ടപ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു സുപ്രീം കോടതിയുടേത്.
വി സി നിയമനം ഇട്ടുതല്ലാന്‍ സുപ്രീം കോടതി സമ്മതിക്കില്ല, ഇനിയെല്ലാം ഉടനുടന്‍
