രണ്ടു പ്രവാസി മലയാളികള്‍, സിപിഎം സ്വന്തക്കാര്‍, ഒരു പരാതി തിരിഞ്ഞു കൊത്തുമ്പോള്‍

ചെന്നൈ: സാമ്പത്തിക തിരിമറിയുടെയും കള്ളപ്പണത്തിന്റെ ചെളി സിപിഎമ്മിലേക്കും സമുന്നത നേതാക്കളിലേക്കും തെറിക്കാനിടയായ സംഭവത്തിലെ കേന്ദ്ര കഥാപാത്രമായ പരാതിക്കാരന്‍ മുഹമ്മദ് ഷെര്‍ഷാദ് പിന്നിലേക്കില്ലെന്ന സൂചനയാണ് വിവാദത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ചയും നിലനില്‍ക്കുന്നത്. എസ്എഫ്‌ഐയിലൂടെ സിപിഎമ്മിലെത്തുകയും പാര്‍ട്ടിയുടെ വളരെ അടുത്തയാളായി മാറുകയും ചെയ്ത രാജേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെതിരേയാണ് ഷെര്‍ഷാദിന്റെ പരാതി. കണ്ണൂര്‍ സ്വദേശിയും ചെന്നൈയില്‍ ബിസിനസുകാരനുമായ മുഹമ്മദ് ഷെര്‍ഷാദും സിപിഎം സഹയാത്രികന്‍ തന്നെയാണ്.
തിങ്കളാഴ്ച ഷെര്‍ഷാദ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പിന്നോട്ടില്ലെന്ന സൂചന നല്‍കിയിരിക്കുന്നത്. രാജേഷിനെതിരേ 2023ല്‍ ഡിജിപിക്കു താന്‍ പരാതി നല്‍കിയിരുന്നതാണെന്നും എന്നാല്‍ അതിന്‍മേല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഷെര്‍ഷാദ് വെളിപ്പെടുത്തുന്നു. ഇതേ പരാതി തന്നെ ഇമെയിലായി കേന്ദ്ര ആദായനികുതി വകുപ്പിനും അയച്ചിരുന്നു. കേന്ദ്രം മാത്രമാണ് അന്വേഷണം ആരംഭിക്കുകയെങ്കിലും ചെയ്തിരിക്കുന്നത്. രാജേഷ് വന്‍കിട പണം വെട്ടിപ്പുകാരനാണെന്നാണ് ഷെര്‍ഷാദിന്റെ ആരോപണം. രാജേഷ് കിംഗ്ഡം എന്ന പേരില്‍ കടലാസ് കമ്പനിയുണ്ടാക്കിയാണ് തട്ടിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് സമാഹരണത്തിനെത്തിയപ്പോള്‍ പിണറായിയെ കൈപിടിച്ച് വേദിയിലേക്ക് കയറ്റിയതു പോലും രാജേഷാണ്.
രാജേഷിനെതിരേ 2021ല്‍ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ഷെര്‍ഷാദ് നല്‍കിയ പരാതിക്കത്ത് ചോര്‍ന്നത് ഞായറാഴ്ചയാണ് വാര്‍ത്തയായത്. അടുത്തയിടെ മധുരയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ രാജേഷിനെ അവിടെ നിന്നു പറഞ്ഞയിച്ചിരുന്നു. ഇക്കാര്യം പല മാധ്യമങ്ങളും വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അതില്‍ മാധ്യമങ്ങള്‍ക്കെതിരേ രാജേഷ് നല്‍കി മാനനഷ്ടക്കേസില്‍ രേഖയായി കോടതിയില്‍ നിന്നു ഷെര്‍ഷാദിന്റെ കത്തും ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെയാണ് അവസാനം ആ കത്ത് പാര്‍ട്ടിക്കെതിരേ തിരിഞ്ഞു കൊത്തുന്ന രേഖയായി പൊതു സമൂഹത്തിലെത്തിയത്.
തന്റെ പരാതിയില്‍ ഷെര്‍ഷാദ് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ തലയൂരാന്‍ സിപിഎം വിയര്‍ക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.