കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ ജോലിക്കിടെ പരിചയത്തിലായ മലയാളി യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച ഒഡിയക്കാരന്‍ സ്വന്തം നാട്ടിലെ മാവോയിസ്റ്റ് സങ്കേതത്തില്‍ പോയി ഒളിച്ചിട്ടും രക്ഷപെട്ടില്ല. കേരള പോലീസ് അവിടെയെത്തി പ്രതിയെ തൂക്കിയെടുത്തു. ഒഡിഷയില്‍ സുപര്‍നപുര്‍ ജില്ലയിലെ ലച്ചിപ്പൂര്‍ ബുര്‍സാപ്പള്ളി സ്വദേശിയായ രഞ്ജന്‍ മാലിക് ആണ് പിടിയിലായത്. വയനാട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
ഇവര്‍ ഇരുവരും തമിഴ്‌നാട്ടില്‍ കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തിരുന്നു. അക്കാലത്താണ് ഇയാള്‍ പ്രണയം നടിച്ച് അടുത്തു കൂടിയതും യുവതിയുടെ ചിത്രങ്ങള്‍ സമ്പാദിച്ചതും. പിന്നീട് ഒഡിഷയിലേക്ക് മുങ്ങിയ ഇയാള്‍ അവിടെയിരുന്നുകൊണ്ട് യുവതിയോട് കൂടുതല്‍ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ആവശ്യം നിരസിച്ചതോടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ അയാള്‍ വ്യാജ ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
യുവതി കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയെങ്കിലും കടുത്ത മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. വയനാട് സൈബര്‍ ക്രൈം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി തന്ത്രപൂര്‍വം പ്രതിയെ കുടുക്കുകയായിരുന്നു. ഉള്‍ഗ്രാമത്തിലെ ഇയാളുടെ വീടുവളഞ്ഞാണ് അതിസാഹസികമായി പിടികൂടിയത്. ഒഡിഷ പോലീസിന്റെ സഹായവും മലയാളി പോലീസ് സംഘത്തിനു ലഭിച്ചു.
മലയാളി യുവതിക്ക് ചിത്രാപമാനം, നാട്ടിലൊളിച്ച ഒഡിയക്കാരനെ അവിടെത്തി പോലീസ് തൂക്കി
