പ്രേമം മൂത്താല്‍ എന്തും ചെയ്യുന്നവരുണ്ട്, എന്നാല്‍ പ്രേമം ആനവണ്ടിയോടായാല്‍

മൂലമറ്റം: ഇതു വേറിട്ടൊരു പ്രേമകഥയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ഥിരം സഞ്ചരിച്ച് അവയോടു സ്‌നേഹം വളര്‍ത്തിയൊരു യുവാവിന്റെ കഥ. ആള്‍ ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ്. പേര്‍ ജിബി എസ് എടക്കര. ഇയാളുള്‍പ്പെടെ കുറേയേറെ ആള്‍ക്കാര്‍ ചേര്‍ന്ന് ബസ് ആരാധക കൂട്ടായ്മ പോലും രൂപീകരിച്ചിട്ടുണ്ട്. മറ്റ് അംഗങ്ങളില്‍ നിന്ന് ഒരു പടി കൂടെ കടന്ന് ജിബി സ്വന്തമായി ബസുകളെ സുന്ദരന്‍മാരാക്കുക കൂടി ചെയ്യുന്നു.
മൂലമറ്റം ഡിപ്പോയിലെ മുഴുവന്‍ ബസുകള്‍ക്കും ഡിപ്പോയുടെ പേരു വച്ചുള്ള ബഹുവര്‍ണ സ്റ്റിക്കറുകളാണ് ജിബി സ്വന്തമായി ഡിസൈന്‍ ചെയ്ത് പ്രിന്റു ചെയ്തു തയാറാക്കിയത്. തന്നത്താന്‍ സ്റ്റേഷനിലെത്തി അധികൃതരുടെ സമ്മതത്തോടെ എല്ലാ ബസുകളിലും പതിക്കുകയും ചെയ്തു. ആകെ ഇതിനായി കൈയില്‍ നിന്നു ചെലവായത് അയ്യായിരത്തിലേറെ രൂപ. കെഎസ്ആര്‍ടിസി മൂലമറ്റം എന്നാണ് സ്റ്റിക്കറുകളിലെ എഴുത്ത്. ബസിന്റെ മുന്നിലെ ചില്ലില്‍ ഡ്രൈവറുടെ വശത്തായി അകത്തു നിന്നാണ് സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നത്. അകവശത്ത് ഒട്ടിച്ചിരിക്കുന്നതിനാല്‍ വൈപ്പര്‍ ഇടുമ്പോഴൊന്നും സ്റ്റിക്കറിന് കേടു വരികയുമില്ല. പല കെഎസ്ആര്‍ടിസി ബസുകളിലും ഇത്തരത്തില്‍ സ്റ്റിക്കറുകളുണ്ടെങ്കിലും അവയൊക്കെ ഒറ്റ നിറത്തിലായിരിക്കും. എന്നാല്‍ ജിബി ബഹുവര്‍ണ സ്റ്റിക്കറുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനു മുമ്പും ജിബി ഇത്തരത്തില്‍ സ്‌നേഹത്തിന്റെ സ്റ്റിക്കര്‍ മൂലമറ്റത്തെ വണ്ടികളില്‍ പതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഡിപ്പോ ജില്ലാടിസ്ഥാനത്തില്‍ മാത്രമായതോടെ ബസുകളും പോയി, ജിബിയുടെ സ്റ്റിക്കറുകളും പോയി. ഈയിടെയാണ് മൂലമറ്റത്ത് ഡിപ്പോ പുനസ്ഥാപിച്ചത്. അതോടെ ബസുകള്‍ തിരികെ വന്നു. ജിബിയും വൈകിയില്ല, വീണ്ടും സ്റ്റിക്കറുകളുമായെത്തുകയും ചെയ്തു.